ചെളിക്കൂന നീക്കുന്ന കേളകം പഞ്ചായത്തംഗം കെ.എ. അബ്ദുൾ സലാം.
കേളകം: വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ വൈകിയതോടെ ജനപ്രതിനിധി തന്നെ കൈക്കോട്ടുമായി ഇറങ്ങി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ച് മാതൃകയായി. കേളകം പഞ്ചായത്തിലെ നാരങ്ങത്തട്ട് വാർഡ് മെംന്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ കെ.എ. അബ്ദുൾ സലാമാണ് മുഴുവൻ ജനപ്രതിനിധികൾക്കും മാതൃകയായി മാറിയത്. തുടർച്ചയായ മഴയെ തുടർന്ന് അടക്കാത്തോട്-കരിയംകാപ്പ് റോഡിലെ എട്ടിടങ്ങളിലായിരുന്നു വെള്ളക്കെട്ട് രൂപപ്പെട്ടത്. കൈക്കോട്ടുമായി വെള്ളക്കെട്ടുള്ള ഭാഗങ്ങളിലെത്തിയ അബ്ദുൾ സലാം മൺകൂനകളും വെള്ളക്കെട്ടിനു കാരണമാകുന്ന മറ്റു വസ്തുക്കളും നീക്കം ചെയ്താണ് വെള്ളക്കെട്ടുകൾ ഒഴിവാക്കിയത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന റോഡിലാണ് മഴയെ തുടർന്ന് വലിയ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടിരുന്നത്. വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ അടിയന്തര ഇടപെടലെന്ന നിലയിലാണ് അബ്ദുൾ സലാം നേരിട്ട് രംഗത്തെത്തിയത്. "ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടും കാത്തിരിക്കാനാകില്ല. നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണം' എന്ന നിലപാടോടെയാണ് പ്രവർത്തിച്ചതെന്ന് അബ്ദുൾ സലാം പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ജനപ്രതിനിധി നേരിട്ട് ഇറങ്ങിയതിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.
Tags : Local News Nattuvishesham Panchayat member clear the floodwaters