നിർമാണം പാതിവഴിയിൽ നിലച്ച പറക്കോട്–ഐവർകാല റോഡ്.
അടൂർ: 2025 നവംബറിൽ ആരംഭിച്ച പറക്കോട്–ഐവർകാല റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏഴുമാസം പിന്നിട്ടിട്ടും പൂർത്തിയായില്ല. തുടക്കത്തിൽ ഓട നിർമാണവും മറ്റ് ജോലികളും പുരോഗമിച്ചതോടെ പണി വേഗത്തിൽ പൂർത്തിയാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ നിലവിൽ നിർമാണം മുടങ്ങിയ നിലയിലാണ്. വടക്കടത്തുകാവ് മുതൽ കടമ്പനാട് നിലയ്ക്കൽ വരെയുള്ള ഭാഗത്താണ് പണി പാതിവഴിയിൽ നിൽക്കുന്നത്.
പല സ്ഥലങ്ങളിലും റോഡിന്റെ അരിക് കെട്ടൽ ഉൾപ്പെടെയുള്ള ജോലികൾ നടത്തിയെങ്കിലും ഇപ്പോൾ നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. ഇതിനിടെ റോഡ് തകർന്ന നിലയിലായതിനാൽ വാഹനയാത്രികർ കുണ്ടും കുഴിയും താണ്ടിയാണ് സഞ്ചരിക്കുന്നത്.
11 കോടി രൂപ ചെലവഴിച്ചാണ് പറക്കോട് –ഐവർകാല റോഡിന്റെ നവീകരണം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പറക്കോട് മുതൽ വടക്കടത്തുകാവ് വരെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. വടക്കടത്തുകാവ് മുതൽ ചൂരക്കോട്, അന്തിച്ചിറ, മാഞ്ഞാലി വഴി നിലയ്ക്കൽ വരെയുള്ള ഭാഗമാണ് ഇനി നിർമിക്കാനുള്ളത്.
2025 ഒക്ടോബറിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ തുടർന്ന് പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
എണ്ണക്കാട്ടുപടിക്ക് സമീപം തോടിന് കുറുകെയുള്ള ചെറിയ പാലം പുനർനിർമിക്കുമോയെന്ന കാര്യത്തിലും പൊതുമരാമത്ത് വകുപ്പ് ഇതേവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ പാലത്തിന്റെ അടിത്തറ വരെ തകർന്ന നിലയിലായതിനാൽ പ്രദേശവാസികളും യാത്രക്കാരും ആശങ്കയിലാണ്. റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.