വാഴക്കുളം ചായ് കാർണിവലിൽ ഇതര സംസ്ഥാനത്തു നിന്നുള്ള അക്രം ഉൾ അൻസാരി ഡയാലിസിസ് ക്ലബിൽ അംഗത്വമെടുക്കുന്നു .
വാഴക്കുളം: ഉപജീവനത്തിനായി തൊഴിൽ തേടി ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നെഞ്ചേറ്റുകയാണ് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവൃ ത്തിക്കായി വാഴക്കുളത്തു നടത്തുന്ന ചായ് കാർണിവൽ.
കഴിഞ്ഞ ആറു വർഷമായി വാഴക്കുളത്ത് കുടുംബസമേതം താമസിച്ച് ത്രീ സ്റ്റാർ തയ്യൽ സ്ഥാപനം നടത്തുന്ന ബംഗാൾ സ്വദേശി അക്രം ഉൾ അൻസാരി ഡയാലിസിസ് ക്ലബിൽ അംഗത്വമെടുത്തു. മാസം തോറും ഡയാലിസിസിന് തുക സംഭാവന നൽകുകയാണ്.
വാഴക്കുളം കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിലെ പൈനാപ്പിൾ കൃഷിയിടങ്ങളിലും നിർമാണ മേഖലയിലും ജോലി ചെയ്യുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകുന്നത്.
തൊഴിൽ കഴിഞ്ഞ് സായാഹ്നത്തിൽ ടൗണിലെത്തുന്ന ഇവർ ചായ് കാർണിവൽ കണ്ടും കേട്ടറിഞ്ഞുമാണ് പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകുന്നത്. തൊഴിലിടത്തിൽ നിന്ന് ലഭിക്കുന്ന ഒരു ദിവസത്തെ വേതനമെങ്കിലും ഇവർ നൽകുന്നുണ്ട്.
ഓട്ടോ തൊഴിലാളികളും വിവിധ ട്രേഡ് യൂണിയനിലെ തൊഴിലാളികളും ദൈനം ദിനം ലഭിക്കുന്നതിൽ ഒരു വിഹിതം നിക്ഷേപിച്ച് സമാഹരിക്കാറുണ്ട്. സമീപ സ്കൂളുകളിൽ നിന്ന് കുട്ടികൾ പോക്കറ്റു മണിയായും മറ്റും സമാഹരിക്കുന്ന തുകയും നാട്ടിലെ നിർധനരായ ഡയാലിസിസ് രോഗികൾക്ക് സഹായ ഹസ്തമായി മാറുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച് ഒരു വർഷം പ്രവർത്തനം പൂർത്തിയാക്കിയ സൗജന്യ ഡയാലിസിസ് സെന്ററിന് പ്രതിമാസം നാലു ലക്ഷം രൂപയോളം പ്രവർത്തന ഫണ്ട് ആവശ്യമാണ്.
രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയിട്ടുണ്ട്. സെന്ററിന്റെ നടത്തിപ്പിനായി ഡയാലിസിസ് ക്ലബ് രൂപീകരിച്ച് വാഴക്കുളത്തെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്.
ഇതോടൊപ്പം സൗജന്യമായി സാന്ത്വനം ക്ലിനിക്, സാന്ത്വനം പാലിയേറ്റീവ് ഹോം കെയർ, വിവിധ വിഭാഗങ്ങളിലെ മാസം തോറുമുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവയും നടത്തുന്നുണ്ട്.
ചീഫ് വിപ് അപു ജോൺ ജോസഫ്, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവർ ഇന്നലെ വിശിഷ്ടാതിഥികളായി ചായ് കാർണിവലിൽ പങ്കെടുത്തു.
Tags :