കണ്ണൂർ: കാൽനടയാത്രക്കാരനെ ഇടിച്ചശേഷം നിർത്താതെപോയ കാർ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ടെത്തി. ഡിസംബർ മൂന്നിന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശി ഇബ്രാഹിമിനെ ഇടിച്ചശേഷം കാർ സമീപത്തെ മതിലിലും ഇടിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അപകടസ്ഥലത്ത് സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. "കറുത്ത കാറാണ് ഇടിച്ചത് ' എന്ന ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വാഹനം വന്നതും പോയതുമായ ദിശകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അത്താഴക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ഇയാളുടെ ബന്ധുവാണ് ഓടിച്ചിരുന്നത്. അപകടത്തിനുശേഷം കാർ വർക്ക്ഷോപ്പിൽ കൊണ്ടുപോയി അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിച്ചു വരികയായിരുന്നു.
നാട്ടുകാരും വ്യാപാരികളും നൽകിയ നിർണായക വിവരങ്ങൾ പോലീസിന് നിർണായകമായി. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നിർദേശാനുസരണം ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ, എസ്ഐ പി.കെ. ഷാജി, എസ്സിപിഒ ബൈജു, സിപിഒ സി.പി. നാസർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടെത്തിയത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Police arrest nattuvishasham local news