പിടിച്ചെടുത്ത തിമിംഗല ഛർദി.
കൊല്ലം: കള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് വൻതോതിൽ തിമിംഗില ഛർദി (ആംബർഗ്രീസ്) കണ്ടെത്തിയ കേസിൽ പ്രതി സിബിയോൺ റിമാൻഡിൽ. അന്താരാഷ്ട്ര വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന തിമിംഗല ഛർദിയാണ് പിടിച്ചെടുത്തത്.
സിബിയോണിന് അന്താരാഷ്ട്ര കള്ളക്കടത്തു റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.
കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽനിന്നാണ് 22.480 കിലോഗ്രാം തിമിംഗില ഛർദി പള്ളിത്തോട്ടം പൊലിസ് പിടിച്ചെടുത്തത്.
നാല് പൊതികളിലായി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് പള്ളിത്തോട്ടം എസ്എച്ച്ഒ പ്രതിഭ ജി. നായരുടെ നേതൃത്വത്തിലുള്ള സംഘം വാടിയിലെത്തി പരിശോധന നടത്തിയത്.
സിബിയോണിന്റെ ഉടമസ്ഥതയിലുള്ള 10-ാം നമ്പർ ലോക്കറിന്റെ പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോൾ ചാക്കുകെട്ടിൽ നാലു കവറുകളിലാക്കിയ നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇവ സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം അഞ്ചലിൽ നിന്നുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
പ്രിന്ററും പേപ്പറുകളും പിടിച്ചെടുത്തു
നേരത്തെ, കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററും 500 രൂപയുടെ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും വീട്ടിൽനിന്ന് പിടിച്ചെടുത്ത സംഭവത്തിലും സിബിയോണിനെ റിമാൻഡ് ചെയ്തു. കള്ളനോട്ടുകൾ ഇതുവരെ ആർക്കും വിറ്റിട്ടില്ലെന്ന് ഇയാൾ വെളിപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.
ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ചെറുപ്രായം മുതൽതന്നെ വിവിധ തട്ടിപ്പുകൾ നടത്തിയിരുന്നതായി സമ്മതിച്ചു. ഇയാൾക്കെതിരേ െവിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികളുണ്ട്.
ആഭരണങ്ങളും
വാച്ചുകളും കണ്ടെത്തി
പിടിച്ചെടുത്ത കടലാസ് കെട്ടുകളുടെ വശങ്ങളിൽ 500 രൂപ നോട്ടിന്റെ മാതൃകയിൽ ഡിസൈൻ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇവ പൂർണമായും അച്ചടിച്ചിരുന്നെങ്കിൽ രണ്ടരക്കോടിയോളം രൂപയുടെ വ്യാജനോട്ട് കാണുമായിരുന്നെന്നു പൊലീസ് പറഞ്ഞു. 50,000 രൂപയുടെ യഥാർഥ നോട്ട് നൽകുമ്പോൾ രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് സിബിയോൺ എന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 45 പവൻ സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും സ്വർണ വാച്ച് ഉൾപ്പടെയുള്ള വിലകൂടിയ ആഡംബര വാച്ചുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ട് വ്യാജമാണോയെന്നു കണ്ടെത്താൻ പരിശോധനയ്ക്ക് അയയ്ക്കുമെന്നു പൊലിസ് പറഞ്ഞു.
Tags :