കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് അപകടങ്ങൾ തുടർക്കഥ. നടുറോഡിൽ വാഴനട്ട് നാട്ടുകാർ പ്രതിഷേധിച്ചു.
കയ്പമംഗലം പഞ്ചായത്തിലെ സുപ്രധാന റോഡാണ് മൂന്നുപീടിക ബീച്ച് റോഡ്. തീരദേശമേഖലയിൽനിന്നു ദേശീയപാതയിലേക്ക് എത്താനുള്ള ഗതാഗത മാർഗമാണിത്. ബീച്ച് റോഡ് വായനശാലയ്ക്ക് സമീപം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡിലെ ഗർത്തങ്ങൾ അറിയാത്തതുകൊണ്ട് വാഹന യാത്രക്കാർ പ്രത്യേകിച്ച് ഇരുചക്രക്കാർ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. അപകടങ്ങൾ ഈ മേഖലയിൽ പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
മൂന്നുപീടിക മേഖലയിലെ ബാങ്കുകൾ, വ്യാപാരകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് നിരവധിപേരാണ് നടന്നും ഇരുചക്ര വാഹനങ്ങളിലും മറ്റും ഈ വഴി സഞ്ചരിക്കുന്നത്.
നിരവധിതവണ അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടികളും ഇതേവരെ ഉണ്ടായിട്ടില്ല. മൂന്നുപീടിക ബീച്ച് റോഡ് യാത്രക്കാരോടുള്ള കയ്പമംഗലം പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, റോഡ് ടാറിംഗ് നടത്തി യാത്രായോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യാത്രക്കാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു.