വാനരൻമാർ നശിപ്പിച്ച വീട്ടുപകരണങ്ങളും വസ്ത്രങ്ങളും.വീടിനുള്ളിൽ നിലയുറപ്പിച്ച വാനരൻ.
സുൽത്താൻ ബത്തേരി: പൂതിക്കാട്, ബീനാച്ചി, പൂമല പ്രദേശങ്ങളിൽ മാസങ്ങളായി തുടരുന്ന വാനരശല്യം ജനജീവിതത്തിന് ഭീഷണിയാകുന്നു. ബീനാച്ചി എസ്റ്റേറ്റിൽനിന്ന് നൂറുകണക്കിന് വാനരൻമാർ കൂട്ടത്തോടെ ജനവാസ മേഖലകളിലെത്തുന്നതോടെ വീട്ടുകാർക്കും കർഷകർക്കും ഒരുപോലെ ദുരിതം നേരിടേണ്ടിവരുന്നു.
വീടുകളിലും പരിസരങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവ വരുത്തുന്നത്.വീടുകളിൽ ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ വലിച്ചുവാരിയിടുന്നതും തോട്ടങ്ങളിലെ കായ്ഫലങ്ങൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈനുകൾ പൊട്ടിക്കുകയും വീടുകൾക്കുള്ളിൽ കയറി ഭക്ഷണസാധനങ്ങൾ എടുത്തുകൊണ്ടുപോകുകയും നശിപ്പിക്കുകയും ചെയ്യുന്നു. വാതിലുകളും ജനലുകളും തുറന്നിടാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും. വീട്ടിൽ ഭക്ഷണം സൂക്ഷിക്കുന്നതും കുട്ടികളെ വീടിന് പുറത്ത് കളിക്കാൻ വിടുന്നതും ആശങ്കയോടെയാണ്.കൂട്ടത്തോടെയെത്തുന്ന വാനരൻമാരെ തുരത്താൻ ശ്രമിച്ചാലും വീണ്ടും തിരിച്ചെത്തുകയാണ്.
വാനരശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ നഗരസഭാ അധികൃതരെ നിരന്തരം വിവരം അറിയിച്ചിട്ടും ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തതിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. വാനരശല്യം നിയന്ത്രിക്കുന്നതിന് വനംവകുപ്പും നഗരസഭയും ഏകോപിച്ച് നടപടി സ്വീകരിക്കണമെന്നും നാശനഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും പൂതിക്കാട്, ബീനാച്ചി, പൂമല പ്രദേശവാസികൾ ആവശ്യപ്പെട്ട