തൊടുപുഴ: നഗരസഭയില്‍ തെരുവുവിളക്കുകള്‍ ഭൂരിപക്ഷവും തെളിയാത്തതിനെച്ചൊല്ലി കൗണ്‍സിലില്‍ പ്രതിപക്ഷ പ്രതിഷേധം. എല്‍ഡിഎഫും ബിജെപിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മെഴുകുതിരി കത്തിച്ചാണ് ബിജെപി അംഗങ്ങള്‍ ഇതിനെതിരേ രംഗത്തുവന്നത്. നഗരത്തിലെ ഭൂരിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയത്തില്‍ നഗരസഭ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ.കെ. ഷിംനാസ് പറഞ്ഞു. തന്റെ വാര്‍ഡില്‍ മാത്രമല്ല നഗരത്തില്‍ എല്ലായിടത്തും ഇരുട്ടില്‍ നടക്കേണ്ട അവസ്ഥയാണെന്നും കൗണ്‍സിലര്‍ പറഞ്ഞതോടെ യോഗത്തില്‍ ഇത് വലിയ ബഹളത്തിനിടയാക്കി.
കരാറുകാരന്റെ അലംഭാവമാണ് പ്രധാന കാരണമെന്നും ഇതിനെതിരേ ചെയര്‍പേഴ്സണ്‍ നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നിലവിലുള്ള കരാറുകാരനെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്വം മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണിക്കാണെന്ന് ചില യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. താന്‍ വ്യക്തിപരമായല്ല കൗണ്‍സില്‍ തീരുമാനമാണ് നടപ്പാക്കിയതെന്ന് ജെസി ആന്റണി മറുപടി പറഞ്ഞു.
ആരോപണങ്ങള്‍ നീണ്ടതോടെ നിലവിലെ കരാറുകാരന് നോട്ടീസ് നല്കി നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 2025 ഫെബ്രുവരിയില്‍ നല്കിയ കരാറിന്റെ കാലാവധി 2027 ഫെബ്രുവരിയിലാണ് അവസാനിക്കുക. 57 ലക്ഷം രൂപയ്ക്ക് നല്കിയ ടെൻഡറില്‍ 10 ലക്ഷം രൂപ കരാറുകാരന് കൈപ്പറ്റി. പലപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ കരാറുകാരന് തയാറാകുന്നില്ലെന്നും ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അടക്കം കുറ്റപ്പെടുത്തി. ജനങ്ങളുടെ പരാതിമൂലം പുറത്തിറങ്ങാനാകുന്നില്ലെന്നും പല കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി.
നഗരസഭയിലെ ആംബുലന്‍സ് സേവനത്തെച്ചൊല്ലിയും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. നിലവിലെ ഡ്രൈവറുടെ കരാര്‍ കാലാവധി 16ന് അവസാനിച്ചതിനാല്‍ ഇത് പുതുക്കുന്നത് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആംബുലന്‍സ് ഡ്രൈവര്‍ പലപ്പോഴും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇയാളെ പിരിച്ചുവിടണമെന്നും യുഡിഎഫ് അംഗമായ നിഷാദ് കളത്തിങ്കല്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഡ്രൈവറെ തിടുക്കത്തില്‍ പുറത്താക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എംപ്ലോയ്മെന്റ് എക്സേഞ്ച് മുഖേനയാണ് ഡ്രൈവറെ നിയമിച്ചത്. എങ്കില്‍ അടുത്തയാളെയും എംപ്ലോയ്മെന്റില്‍നിന്ന് നിയമിക്കാമെന്ന നിര്‍ദേശമാണ് യുഡിഎഫ് മുന്നോട്ടുവച്ചത്. നിലവിലുള്ള ഡ്രൈവറുടെ കരാര്‍ പുതുക്കണമെന്ന് എല്‍ഡിഎഫും ബിജെപിയും നിലപാട് എടുത്തെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് ഒടുവില്‍ വോട്ടിനിടുകയായിരുന്നു. ഭൂരിപക്ഷ തീരുമാനപ്രകാരം കരാര്‍ പുതുക്കേണ്ടെന്നും നിയമനം എപ്ലോയ്മെന്റ് വഴിയാക്കാനും തീരുമാനിച്ചു.
പട്ടയംകവല വാര്‍ഡിലെ ഹരിതകര്മസേനാംഗങ്ങളെക്കുറിച്ച് കൗണ്‍സിലര്‍ ജോമോന് ഉലഹന്നാന് നല്കിയ പരാതിയും ചര്‍ച്ചയായി. ഇവരെ മാറ്റണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. ഇവര്‍ യഥാസമയം മാലിന്യം നീക്കംചെയ്യുന്നില്ലെന്നും കൗണ്‍സിലറെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഹരിതകര്മസേനയില്നിന്നു സ്വമേധയാ വേണ്ടെന്ന് പറഞ്ഞാല്‍ മാത്രമേ ഇവരെ മാറ്റാനാകൂ എന്നും അതില്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും എല്‍ഡിഎഫ് വാദിച്ചു. നഗരസഭയില്‍ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പരാതി പരിഹാരസെല്പോലും രൂപീകരിക്കാത്തത് ചില കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചതും യോഗത്തില്‍ വാഗ്വാദങ്ങള്‍ക്കിടയാക്കി. ഇതിനായുള്ള പ്രത്യേക കണ്‍സോര്‍ഷ്യം വിളിച്ചുചേര്‍ക്കാനും പരാതി പരിഹാര സെല്‍ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാനും തീരുമാനിച്ചു.
നഗരസഭ പഴയ ബസ്സ്റ്റാന്‍ഡ് മൈതാനം വിപണനമേളയ്ക്ക് വിട്ടുനല്‍കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത കൗണ്‍സിലിലേക്ക് മാറ്റി. നഗരസഭയിലെ ബഡ്സ് സ്കൂള്‍ അധ്യാപികമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള വേതനം നല്‍കാനും തീരുമാനിച്ചു.
Tags : council Nattuvishesham District News