തൃശൂർ: യുഎൻഎയും സഭാവിരുദ്ധശക്തികളും തൃശൂർ അതിരൂപതയേയും അധ്യക്ഷനേയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതിനെതിരേ ബസിലിക്ക ഫൊറോന കൗണ്‍സിലിന്റെ നേതൃത്വത്തിൽ തൃശൂരിൽ പ്രതിഷേധ സംഗമവും വിശദീകരണയോഗവും സംഘടിപ്പിച്ചു. ഷെവലിയർ അഡ്വ. ബിജു കുണ്ടുകുളം ഉദ്ഘാടനംചെയ്തു. യുഎൻഎ സമരവുമായി മുന്നോട്ടുപോകുന്നതിനു പിന്നിൽ രഹസ്യ അജൻഡയാണെന്ന് അദ്ദേഹം പറഞ്ഞു.
75 വർഷമായി ജൂബിലി മിഷൻ ആശുപത്രിയും അരനൂറ്റാണ്ടായി അമല ആശുപത്രിയും ആതുരസേവനരംഗത്ത് നേരിടാത്ത അന്തർനാടകങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്വകാര്യമേഖലയിലെ ഇതര ആശുപത്രികളിൽ നൽകുന്നതിനേക്കാൾ കൂടുതൽ ശന്പളം ഈ രണ്ട് ആശുപത്രികളിലും നൽകുന്നുണ്ടെന്ന് രേഖകൾ സഹിതം തെളിയിച്ചതാണ്. എന്നിട്ടും സമരലക്ഷ്യങ്ങൾ ഓരോന്നായി മാറ്റി, ഗോൾപോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് യുഎൻഎ നേതൃത്വം അതിരൂപതയേയും സഭാനേതൃത്വത്തേയും നിരന്തരം അവഹേളിക്കുകയാണ്.
ശന്പള വർധന ഉത്തരവിറക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സർക്കാരിനെതിരേ യുഎൻഎ സമരം ചെയ്യാൻ തയാറാകുന്നില്ല. പ്രതിദിനം രണ്ടായിത്തോളം ഔട്ട് പേഷ്യന്റുകളെത്തുന്ന, പ്രതിമാസം ഒന്നരക്കോടി രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ജൂബിലി മിഷൻ ആശുപത്രിയും അമലയും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി ഇപ്പോഴും നിലനിൽക്കുകയാണ്. ഈ സ്ഥാപനങ്ങൾ തകർത്ത് തൃശൂരിൽ കോർപറേറ്റ് ഭീമൻമാരുടെ ആശുപത്രികൾ എത്തിക്കാനുള്ള രഹസ്യ അജൻഡയാണ് യുഎൻഎ നേതൃത്വം വഹിക്കുന്നത്. അവരുടെ ശ്രമം ശക്തമായി ചെറുത്തു തോൽപിക്കും. ഞായറാഴ്ച തൃശൂർ ടൗണ്‍ഹാളിൽ വിശ്വാസികളുടെ മഹാസംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. സഭയുടെ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള പൈശാചിക ശക്തിയാണ് നഴ്സുമാരുടെ സമരത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിരൂപത പാസ്റ്റർ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി കാക്കശേരി, ഗ്ലോബൽ കത്തോലിക്ക കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ജാക്സണ് , അതിരൂപത കുടുംബകൂട്ടായ്മ കണ്‍വീനർ ജോർജ് അലക്സ്, മാതൃവേദി പ്രസിഡന്റ് ഉജ്വല ബിജു, ബസിലിക്ക ഫൊറോന കൗണ്‍സിൽ സെക്രട്ടറി ഷാനു ജോർജ് എന്നിവരും പ്രസംഗിച്ചു.