കളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് ഉപകരണങ്ങൾ സംഭാവന ചെയ്തപ്പോൾ.
പട്ടിത്താനം: വാഹനാപകടത്തിൽ മരിച്ച സുഹൃത്തുക്കളുടെ ഓർമയ്ക്കായി കളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വാറ്റുപുര യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പാലിയേറ്റീവ് ഉപകരണങ്ങൾ സംഭാവന ചെയ്തു. 2023 ഓഗസ്റ്റ് 17ന് ഏറ്റുമാനൂർ തവളക്കുഴിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രാഹുൽ രാജു, പോൾ ജോസഫ് എന്നിവർ മരിച്ചത്. രാഹുൽ രാജു സംഭവം ദിവസംതന്നെ മരിച്ചിരുന്നു. അപകടത്തെത്തുടർന്ന് മൂന്നു വർഷം അബോധാവസ്ഥയിലായിരുന്ന പോൾ ജോസഫ് ഇക്കഴിഞ്ഞ നാലിനാണ് മരിച്ചത്.
അന്തരിച്ച രാഹുലിന്റെ അമ്മ സ്വാതി രാജു, പോൾ ജോസഫിന്റെ മകൻ സ്റ്റിജോ പോൾ, യുവശക്തി ക്ലബ് പ്രസിഡന്റ് പി.ഡി, സാബു, സെക്രട്ടറി സനേഷ് ജോസഫ് എന്നിവർ ചേർന്ന് ഉപകരണങ്ങൾ കൈമാറി. കാണക്കാരി പഞ്ചായത്തംഗം സോണി ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ. അജയ് മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷിജു വി. കുര്യൻ, കെ.ജെ. വിനോദ്, അബിൻ സാബു എന്നിവർ പ്രസംഗിച്ചു.