ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് മന്ത്രി ടി. സിദ്ദിഖ് സന്ദർശിച്ച് ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നു.
ചേർപ്പ്: ജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഒന്നായി ചേർന്ന് മഴക്കാല ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതാണു കേരളത്തിന്റെ നന്മയെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. കാലവർഷക്കെടുതിമൂലം ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുറന്ന ദുരിതാശ്വാസക്യാമ്പ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ചേർപ്പ്, ചാഴൂർ പഞ്ചായത്തുകളിലെ കനാലുകളും പുഴകളും തോടുകളും യഥാവിധി ഒഴുകുന്നതിനായി നടപടി സ്വീകരിന്നതിനും കളക്ടർ ശിഖ സുരേന്ദ്രനെ മന്ത്രി നേരിട്ട് ഫോണിൽവിളിച്ച് നിർദേശം നൽകി. എട്ടുമുന കമാന്റെ മുഖത്ത് വെള്ളം ഒഴുകുന്നതു തടയാൻ ഷട്ടർ സ്ഥാപിക്കുന്നതിനു നടപടിയായി.
ഇന്നലെ വൈകീട്ടാണ് ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ് പഞ്ചായത്തിലെ വെള്ളക്കെട്ട് ഭീഷണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രിയെ അറിയിച്ചു. ദുരിതബാധിതരിൽനിന്ന് മന്ത്രി വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് പ്രസിഡന്റ് ഷൈജു സായ്റാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് വിദ്യ രമേശ്, മെമ്പർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.