പ്രതീകാത്മക ചിത്രം
കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനൽ അർജുൻ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു.
കണ്ണൂർ സ്വദേശികളായ എടക്കാട് ഉസ്സൈൻമുക്ക് ബീവീസ് വീട്ടിൽ ഇസ്മായിൽ അബ്ദുള്ള (42), എടക്കാട് ഉസൈൻ മുക്ക് സാജ് വീട്ടിൽ സൗദ് അഹമ്മദ് (31) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതും ഇപ്പോൾ അർജുൻ എവിടേക്കാണ് ഒളിവിൽ പോയിട്ടുള്ളത് എന്നതും ഇതിൽ ഇവരുടെ പങ്കും മറ്റ് ഇടപാടുകളുമാണ് പോലീസ് അന്വേഷിച്ചു വരുന്നത്. ഇവരുടെ പങ്ക് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും.
വലവിരിച്ച് പത്തംഗ സ്പെഷൽ സ്ക്വാഡ്
അതിനിടെ ആയങ്കിയെ പിടികൂടാൻ മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ പത്തംഗ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
ഊന്നുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി.എസ്. ആദര്‍ശ്, കുട്ടമ്പുഴയിലെ ഇന്‍സ്പെക്ടര്‍ എ. ഷൈന്‍കുമാര്‍, കോതമംഗലം എസ്ഐ എസ്. കണ്ണന്, മൂവാറ്റുപുഴ എസ്ഐ. റാസിക് എന്നിവർ സ്ക്വാഡിലുണ്ട്.
പരമാവധി വേഗത്തില്‍ അര്ജുന് ആയങ്കിയെ അറസ്റ്റ് ചെയ്യണമെന്നാണ് സംഘത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെയുള്ള ഭീഷണി പലവട്ടം ആവര്‍ത്തിക്കുകയും ഈ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ പോലീസ് ഇന്‍സ്പെക്ടറെ വെല്ലുവിളിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതിനു പുറമെ ആഭ്യന്തര വകുപ്പിനെയും മന്ത്രി രമേശ് ചെന്നിത്തലയെയും വെല്ലുവിളിച്ചതും ആഭ്യന്തര വകുപ്പിനെ കൂടുതൽ പ്രകോപിതരാക്കിയിട്ടുണ്ട്.
ഒളിവില്‍ കഴിയുന്ന ആയങ്കിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാണ് പോലീസിനെതിരെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. ആയങ്കിയെ കണ്ടെത്താന്‍ അന്വേഷണസംഘം ഊര്‍ജിത ശ്രമത്തിലാണ്. സുഹൃത്തുക്കളെയും ഫോണ്‍ ലൊക്കേഷനുകളെയും ആണ് പ്രധാനമായും ആശ്രയിക്കുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നില്‍ ആയങ്കിയുടെ സുഹൃത്തുക്കളാണെന്ന സംശയം പോലീസിനുണ്ട്. മുമ്പും പോലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും അര്ജുന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അര്ജുന് ആയങ്കിയുടെ അറസ്റ്റ് ആഭ്യന്തര വകുപ്പിനും പോലീസിനും അഭിമാനപ്രശ്നമായി മാറിയിട്ടുണ്ട്. എത്രയുംവേഗം അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ പോലീസിന് നാണക്കേടായി മാറും.
അര്ജുന് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. അതിന് മുമ്പേ അറസ്റ്റ് വേണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് പോലീസിന്റെ നീക്കങ്ങള്‍.
സഹോദരനും കസ്റ്റഡിയിൽ
അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലും പോലീസ് കസ്റ്റഡിയിൽ. തൃശൂർ വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽനിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. ഇയാളെ തൃശൂർ പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. അർജുൻ ആയങ്കിയും സഹോദരൻ അഖിലും ഒരുമിച്ച് കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് തൃശൂർ ജില്ലയിലേക്കു തെരച്ചിൽ വ്യാപിപ്പിച്ചത്. ഇവർ സഞ്ചരിച്ച വാഹനം തൃശൂരിലേക്കു കടന്നതായി ബോധ്യപ്പെട്ടതോടെ നഗരത്തിലെ പ്രധാന ഹോട്ടലുകളും സംശയാസ്പദമായ വാഹനങ്ങളും പോലീസ് അരിച്ചുപെറുക്കി പരിശോധന നടത്തി.
ഇതിനിടെ, അർജുൻ ആയങ്കിയുടേതെന്നു സംശയിക്കുന്ന ഫോണിന്റെ ലൊക്കേഷൻ വടക്കുന്നാഥ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് അഖിൽ കാറിൽ ഇരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതും കസ്റ്റഡിയിലെടുത്തതും. കാറുകൾ മാറി മാറി പോലീസിനെ കബളിപ്പിക്കാനായിരുന്നു സഹോദരന്മാരുടെ ശ്രമം.
പാലിയേക്കര ടോൾ പ്ലാസയ്ക്കും തൃശൂർ നഗരത്തിനും ഇടയിൽവച്ച് അർജുൻ ആയങ്കി മറ്റൊരു കാറിലേക്കു മാറി രക്ഷപ്പെട്ടെന്നാണു കരുതുന്നത്.