പിറവത്ത് പാഴൂരിൽ ചത്ത താറാവുകളെ പരിശോധനയ്ക്കായി ശേഖരിക്കുന്നു.
പക്ഷിപ്പനിയെന്ന് ആശങ്ക
പിറവം: പാഴൂർ പുഞ്ചയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. നൂറിലധികം താറാവുകൾ ചത്തതായാണ് പറയപ്പെടുന്നത്.
ബാക്കിയുള്ളവ പലതും തൂങ്ങിയ രീതിയിലാണ് വെള്ളത്തിലൂടെ നീങ്ങുന്നത്. സംഭവം പക്ഷിപ്പനിയെന്ന പ്രചാരണം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് വിവിധ ആരോഗ്യ വിഭാഗവും, മൃഗ സംരക്ഷണ വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നഗരസഭ, വില്ലേജ്, പോലീസ് അധികൃതർ ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. ചത്ത താറാവിനെ വിദഗ്ധ പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. പക്ഷിപ്പനിയാണോയെന്നുള്ളത് പരിശോധനാ ഫലം വന്നശേഷമേ പറയാൻ കഴിയൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് പുഞ്ചയിൽ കുര്യാനിപ്പടി ഭാഗത്ത് താറാവുകൾ ചത്തു കിടക്കുന്നതു നാട്ടുകാർ കണ്ടത്. ആലപ്പുഴ സ്വദേശികളാണ് ഒന്നര മാസം മുമ്പ് താറാവുകളെ തീറ്റി വളർത്താനായി ഇവിടെ കൊണ്ടുവന്നത്. താറാവുകൾ ചത്തുപൊങ്ങിയതോടെ കൊണ്ടുവന്നവർ മുങ്ങിയിരുന്നു.
പിന്നീട് നഗരസഭ അധികൃതർ ഉടമയായ ആലപ്പുഴയ്ക്കടുത്ത് ഉല്ലല സ്വദേശിയായ സത്യനെ അന്വേഷിച്ച് കണ്ടെത്തി. താറാവുകൾക്ക് കഴിഞ്ഞ ദിവസം പ്രതിരോധ മരുന്ന് നൽകിയെന്നും ഇതിന്റെ ഡോസ് കൂടിപ്പോയതാണ് ചത്തുപോകാൻ കാരണവുമെന്നാണ് ഉടമ പറയുന്നത്.
മുന്നൂറോളം താറാവുകളെയാണ് ഇവിടെ കൊണ്ടുവന്നത്. ഇവിടെനിന്നും താറാവുകളെ വിൽപ്പന നടത്തുന്നുമുണ്ട്. കുറെയേറെ വിറ്റു പോയിട്ടുണ്ട്. ഇനി നൂറിൽ താഴെ താറാവുകൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്.
നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ, ആരോഗ്യ വിഭാഗം അധ്യക്ഷൻ ജെയ്സൺ പുളിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജോയി ചന്ദ്രൻ , കെ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ ചത്ത താറാവുകളെ കുഴിച്ചിട്ടു. മറ്റു പാടശേഖരങ്ങളിലും സമാനമായ രീതിയിൽ താറാവ് വളർത്തുണ്ട്. ഇവിടങ്ങളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. താറാവുകൾ ചത്ത ഭാഗത്തെ വളർത്തു കോഴികളെയും നിരീക്ഷിക്കുന്നുണ്ട്.