ഒറ്റപ്പാലം: മീറ്റ്ന എറക്കോട്ടിരിയിൽ പ്രദേശവാസികളുടെ വഴിമുടക്കി റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ. അടച്ചു പൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ ഭാഗത്താണ് പ്രദേശവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള റെയിൽവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
അടച്ചുപൂട്ടിയ പാലപ്പുറം റെയിൽവേ സ്റ്റേഷൻ റോഡ് അവസാനിക്കുന്നത് നിലവിൽ റെയിൽവേ പാളത്തിന് സമീപമാണ്. ഈ ഭാഗത്താണ് റെയിൽവേ ഉരുക്കുകുറ്റികൾ സ്ഥാപിച്ച് നിർമാണപ്രവൃത്തികൾ നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മൺതിട്ട യന്ത്രസഹായത്തോടെ നീക്കംചെയ്താണ് പ്രവൃത്തികൾ നടത്തുന്നത്.
ഇതോടുകൂടിയാണ് ആളുകൾക്ക് വഴിനടക്കാനുള്ള യാത്രാസൗകര്യം മുടങ്ങിയത്. ഈ ഭാഗത്തുനിന്ന് വെള്ളംപോകാൻ കോൺക്രീറ്റ് ചാലുംനിർമ്മിച്ചിട്ടുണ്ട്.
റെയിൽവേ ലൈനിന് മറുഭാഗത്ത് പതിനഞ്ചോളം വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ എത്താൻ ഇക്കാരണങ്ങളാൽ ഏറെപ്രയാസം നേരിടുന്നുണ്ട്. ഈ ഭാഗം പൂർണമായും അടച്ചു കെട്ടാനാണ് റെയിൽവേയുടെ തീരുമാനം എന്നാണ് സൂചന. ഇങ്ങനെ സംഭവിച്ചാൽ റെയിൽവേ ലൈനിന് അപ്പുറത്തുള്ള താമസക്കാർക്ക് നടക്കാൻ വഴിയില്ലാത്ത അവസ്ഥ വരും. കൂടാതെ ഏക്കർ കണക്കിന് വരുന്ന നെൽകൃഷിയിലേക്ക് എത്തിപ്പെടാനും കഴിയാത്ത സാഹചര്യമാണുണ്ടാകാൻ പോകുന്നത്.
നിരവധി സ്കൂൾ വിദ്യാർഥികൾക്കും ഈ വഴിതന്നെയാണ് ആശ്രയം. റെയിൽവേ ലൈനുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഇവിടെ ഉരുക്കുകുറ്റികൾ സ്ഥാപിച്ചതെന്നാണ് റെയിൽവേ പറയുന്നത്. നിർമാണപ്രവൃത്തികളുടെ ഭാഗമായി പൂർണമായും ഇടിച്ചുനിരപ്പാക്കിയ മൺതിട്ടയിലെ മണ്ണ് ഇവിടെ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
മഴ പെയ്താൽ ഇതു റെയിൽവേ ലൈനിലേക്കിറങ്ങുമെന്ന കാര്യം ഉറപ്പാണ്. ഉരുക്കുകുറ്റികൾ സ്ഥാപിച്ചതോടെ തുടർന്ന് ഇതുവഴിയുള്ള പ്രവേശനം പൂർണമായും വിലക്കാനാണ് റെയിൽവേയുടെ ആലോചനയെന്നു ഉറപ്പായി.
Tags : Railways denies freedom movement