കാര ചെക്ക്ഡാം റോഡ് തകർന്ന നിലയിൽ.
ജില്ലയില്‍ ശക്തമായ മഴ തുടരും
കാസര്‍ഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഇന്നു ജില്ലയില്‍ അതിശക്തമായമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന മുന്‍കരുതലുകളും ദുരന്ത പ്രതികരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശം നല്കി.
ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. നദികള്‍, തോടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകളെയോ പോലീസിനെയോ ബന്ധപ്പെടാം.
ജില്ലാ-താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കും. ആവശ്യമെങ്കില്‍ തഹസില്‍ദാര്‍മാര്‍ക്ക് അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് കളക്ടര്‍ നിര്‍ദേശം നല്കി. തദ്ദേശ സ്ഥാപനങ്ങള്‍ അപകടസാധ്യതയുള്ള ജനവിഭാഗങ്ങളെയും ഉന്നതികളില്‍ താമസിക്കുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര ഗ്രാമങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, പുഴയോയോരത്ത് താമസിക്കുന്നവര്‍, എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും നിര്‍ദേശം നല്കി.
ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് ഓരോ മൂന്നു മണിക്കൂറിലും ജലസേചന വകുപ്പ് കൃത്യമായി നിരീക്ഷിക്കേണ്ടതാണെന്ന് നിര്‍ദേശം നല്കി. വെള്ളപ്പൊക്ക സാധ്യതയുള്ളതും ഒഴിപ്പിക്കേണ്ടതുമായ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യസമയത്ത് കൈമാറണം. മലയോര റോഡുകളിലെ അരുവികള്‍ക്കും തോടുകള്‍ക്കും സമീപം വാഹനങ്ങള്‍ നിര്‍ത്തുന്നതും നദികളില്‍ കുളിക്കുന്നതും വിനോദസഞ്ചാരികള്‍ ഒഴിവാക്കണം.
ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ദേശീയപാത 66-ന്റെ നിര്‍മാണ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലോ വെള്ളക്കെട്ടോ ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ അടിയന്തരമയി സ്വീകരിക്കണം.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. പാലാവയല് വില്ലേജിലെ തയ്യേനി ജിഎച്ച്എസ്, മധൂര്‍ വില്ലേജിലെ ഉളിയത്തടുക്ക മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കള്ളാര്‍ വില്ലേജിലെ ചുള്ളിക്കര എല്‍പി സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു.
ഭീതിയിലാഴ്ത്തി മലവെള്ളപ്പാച്ചിൽ
നർക്കിലക്കാട്: തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കോട്ടമലയിൽ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിൽ ജനങ്ങളെ പരിഭ്രാന്തരാക്കി ചിറ്റാരിക്കാൽ- ഭീമനടി മേജർ ജില്ലാ റോഡിൽ മൂന്നുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കോട്ടമലയിൽ നിന്നും ഇരച്ചത്തിയ വെള്ളം മൗവേനി, നർക്കിലക്കാട്, വരക്കാട്, മാങ്ങോട് പ്രദേശങ്ങളിൽ താഴ്ന്ന ഭാഗത്ത് വെള്ളം കയറി. നിരവധി കാർഷികവിളകൾ നശിച്ചു. അമ്പാടി ബസാർ നന്ദനം ഓഡിറ്റോറിയത്തിൽ വെള്ളം കയറി. എന്നാൽ കൂടുതൽ നാശനഷ്ടങ്ങളില്ല. നർക്കിലക്കാട് -ചിറ്റാരിക്കാൽ റോഡിൽ മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് മൂന്നു മണിക്കൂറോളം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണ്ഡപം-കുന്നുംകൈ വഴി തിരിച്ചുവിട്ടു.
ചിറ്റാരിക്കാൽ: മഴ വീണ്ടും ശക്തമായതോടെ മലയോരത്ത് ആശങ്കയുയരുന്നു. ഇന്നലെ ഉച്ചയോടെ അറക്കത്തട്ടിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. മലയോര ഹൈവേയിലെ അപകടമേഖലയായ കാറ്റാംകവല ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. ചിറ്റാരിക്കാൽ താഴത്തെ അങ്ങാടി, കുരുത്തോലവയൽ, ഗോക്കടവ് പ്രദേശങ്ങളിൽ വെള്ളം കയറി. കുരുത്തോലവയലിലെ തുരുത്തിയിൽ ജയിംസിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നു. പലയിടങ്ങളിലും കാർഷിക വിളകൾക്കും വ്യാപക നാശമുണ്ടായി.
തോണിമറിഞ്ഞു; മൂന്നു മത്സ്യതൊഴിലാളി കള്‍ക്ക് പരിക്ക്
പള്ളിക്കര: കൂറ്റന്‍ തിരമാലയില്‍പെട്ട് തോണിമറിഞ്ഞ് മൂന്നു മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. പള്ളിക്കര മിഷന് കോളനിയിലെ തദേവൂസ് (40), വിനോദ് (30), ബില്ഗേഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പള്ളിക്കര മഠം കടപ്പുറത്തെ പുഷ്പരാജിന്റെ ഉടമസ്ഥതയിലുള്ള അമലോത്ഭവമാത എന്ന തോണിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ കടലില്‍ പോയി മീന്‍പിടിത്തം കഴിഞ്ഞ് തിരിച്ചെത്തിയ തോണി കരയടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറിയുകയായിരുന്നു.
അപകടസമയത്ത് തോണിയില്‍ ആകെ 11 പേര് ഉണ്ടായിരുന്നു. മറ്റുള്ളവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തോണി ഉടമ അറിയിച്ചു. വലകളും രണ്ടു യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പിടിച്ച മീനുകളും നഷ്ടപ്പെട്ടു. പരിക്കേറ്റവരെ നീലകണ്ഠന് എംഎല്‍എ സന്ദര്‍ശിച്ചു.
പാണത്തൂർ പള്ളിക്കാലിൽ വീടുകളിൽ വെള്ളം കയറി
പാണത്തൂർ: കനത്ത മഴയിൽ പാണത്തൂർ പള്ളിക്കാലിലെ വീടുകളിൽ വെള്ളം കയറി. പള്ളിക്കാലിലെ ഓടയിൽ മണ്ണ് നിറഞ്ഞ് വെള്ളം പുറത്തേക്ക് നേരാംവണ്ണം ഒഴുക്കാത്തതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമായത്. പള്ളിക്കാലിലെ പള്ളിയാൻ ഹമീദിന്റെ മുറ്റത്തേക്ക് ചെളി വെള്ളം കുത്തിയൊലിച്ചിറങ്ങി. വെള്ളം വീടുകളിലേക്ക് കയറുമോ എന്ന ആശങ്കയിലാണ് വീട്ടുകാർ.
സമീപത്തെ ചില വീടുകളിലും വെള്ളം എത്തിയിട്ടുണ്ട്.പ്രദേശത്തെ കിണറുകളിലും ചെളിവെള്ളം ഇറങ്ങുന്നുണ്ട്. മഴക്കാലത്തിനു മുമ്പ് പ്രദേശത്തെ ഓട വൃത്തിയാക്കാത്തതാണ് വെള്ളം കരകവിഞ്ഞൊഴുകി വീടുകളിലേക്ക് കയറാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഓടകളിലെ മണ്ണ് വൃത്തിയാക്കാൻ അധികൃതർ ശ്രദ്ധിച്ചില്ല എന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്.