ചെറുവള്ളി എസ്റ്റേറ്റിൽ 12 പശുക്കൾ ഇടിമിന്നലേറ്റ് ചത്ത സ്ഥലം കാഞ്ഞിരപ്പള്ളി തഹസിൽദാർ സുനിൽ കുമാർ പരിശോധിക്കുന്നു.
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ ബുധനാഴ്ചയുണ്ടായ ഇടിമിന്നലിൽ പൊലിഞ്ഞത് അപൂർവയിനം ചെറുവള്ളി പശുക്കൾ ഉൾപ്പടെ 12 നാൽക്കാലികൾ. ചത്ത എട്ട് പശുക്കളിൽ നാലെണ്ണം ഗർഭിണികളായിരുന്നു.
വെച്ചൂർപശു പോലെ പേരുകേട്ട വിഭാഗമാണ് ചെറുവള്ളി പശുക്കൾ. ചെറുവള്ളി പശു എന്ന പേര് ലഭിക്കുന്നത് ഡോ. ശോശാമ്മ ഐപ്പ് എന്ന വനിതാ കാർഷിക ശാസ്ത്രജ്ഞയിലൂടെയാണ്. സ്വാതന്ത്ര്യത്തോടെ വിഹരിക്കുന്നതുമൂലം രോഗപ്രതിരോധശേഷി കൂടുതലാണ് ചെറുവള്ളി പശുക്കൾക്ക്. കറുപ്പ്, വെളുപ്പ്, തവിട്ടുനിറം, കൊമ്പുകൾ തീരെ ചെറുത്, കണ്ണുകൾ ഇളം ചുവപ്പു കലർന്നവയും അല്പം പുറത്തേക്ക് തള്ളിനിൽക്കുന്നതും, കുറച്ചു തീറ്റ, ശാന്തസ്വഭാവം തുടങ്ങിയവയൊക്കെയാണ് ചെറുവള്ളി പശുക്കളുടെ സവിശേഷത.
പശുക്കൾ നിന്നിരുന്നതിന് സമീപത്തെ റബർ മരത്തിനാണ് ഇടിവെട്ടിയത്. മിന്നലിന്റെ ശക്തിയിൽ മരത്തിന്റെ ചുവട് ഇളകി വലിയ തോതിൽ മണ്ണിളകി മാറി. മരത്തിന്റെ ചുവട് പൂർണമായും അടർന്നു മാറി വേരുകൾ ദൃശ്യമായി. പരിസരത്താകെ മണ്ണ് ഇളകി മാറിയ നിലയിലായിരുന്നു.
എരുമേലി ഗവ. വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡങ്ങൾ എസ്റ്റേറ്റിൽ തന്നെ മറവു ചെയ്തു.
Tags :