കോട്ടയം: പുതിയതും പഴയതുമായ പുസ്തകങ്ങളുടെ മണം, ചുറ്റും നിറയെ പുസ്തകങ്ങള്‍, കനത്ത നിശബ്ദതയിലും പുസ്തകത്താളുകള്‍ മറിയുന്ന ശബ്ദം... 144 വര്‍ഷങ്ങളായി അക്ഷരനഗരിയില്‍ അക്ഷരങ്ങളെയും വാക്കുകളെയും വായനക്കാരെയും കൂട്ടിപ്പിടിച്ചൊരു വായനശാല. ഇവിടെയെന്നും വായനദിനമാണ്. കേരളത്തിലെതന്നെ പഴക്കംചെന്ന ലൈബ്രറികളിലൊന്നാണ് കോട്ടയം പബ്ലിക് ലൈബ്രറി. 1882 ല്‍ ആരംഭിച്ച ലൈബ്രറി ഇന്ന് 15,000 ചതുരശ്രയടിയില്‍ രണ്ടു ലക്ഷത്തിലധികം പുസ്തകങ്ങളുമായാണ് വായനക്കാരെ വരവേല്‍ക്കുന്നത്.
മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഏറിയ പങ്കും. ലൈബ്രറിയിലെ സജീവ അംഗങ്ങളായുള്ളത് ആറായിരത്തിലധികം പേരാണ്. വായനക്കാരുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനയുണ്ടായിട്ടുണ്ടെന്നു ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാര്‍ പറയുന്നു. ഏബ്രഹാം ഇട്ടിച്ചെറിയയാണ് പ്രസിഡന്റ്. സെക്രട്ടറി കെ.സി. വിജയകുമാര്‍, അഡ്വ. വി.ബി. ബിനു വൈസ്പ്രസിഡന്റ്, സൂസി ജോര്‍ജ് ഐസക് ജോയിന്റ് സെക്രട്ടറി എന്നിവരാണ് ലൈബ്രറിയുടെ ചുമതലയുള്ളത്.
അപൂര്‍വ ശേഖരം
ഇംഗ്ലീഷ് കഥകള്‍, നോവലുകള്‍ എന്നിവയാണ് വായനക്കാര്‍ക്ക് ഏറെ താത്പര്യം. കൂടാതെ, മലയാള സാഹിത്യ രചനകള്‍, ചരിത്ര പുസ്തകങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവയ്ക്കും വായനക്കാരേറെയുണ്ട്. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി എത്തുന്നവര്‍ക്കായി എസി, വൈഫൈ സൗകര്യങ്ങളോടു കൂടിയ റഫറന്‍സ് വിഭാഗവും ലൈബ്രറിയിലുണ്ട്. ആറ് മാസത്തേക്ക് 2000 രൂപ നല്കി ഈ സേവനം പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ ഏഴാമത്തെയും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെയും അമേരിക്കൻ കോര്‍ണറും കോട്ടയം പബ്ലിക് ലൈബ്രറിയിലാണ്.
100-120 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച മലയാളം ഭാഷയെക്കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ കേരള പഠനകേന്ദ്രം കോട്ടയം പബ്ലിക് ലൈബ്രറിയിലെ അപൂര്‍വമായൊരു ശേഖരമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ കാലിഗ്രാഫിയില്‍ തയാറാക്കിയ പതിപ്പും ലൈബ്രറിയുടെ അപൂര്‍വ ശേഖരങ്ങളില്‍ ഉള്‍പ്പെടുന്നു. ലൈബ്രറിക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആറു വായനാമുറികളുമുണ്ട്.
തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം ലൈബ്രറി കെട്ടിടം, ശാസ്ത്രി റോഡിലെ ലൈബ്രറി കെട്ടിടം, ആനത്താനം, കാഞ്ഞിരം എന്നിവിടങ്ങളിലായി വായനാ മുറികളും. കുട്ടികള്‍ക്കായി കെപിഎസ് മേനോന്റെ ജന്മഗൃഹമായ ഗോപീവിലാസം തറവാടിരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചില്‍ഡ്രന്‍സ് ലൈബ്രറിയില്‍ 15000ല്‍ അധികം പുസ്തകശേഖരമുണ്ട്. ശിശുസൗഹൃദ അന്തരീക്ഷത്തിലാണ് ലൈബ്രറി തയാറാക്കിയിരിക്കുന്നത്.
ഡിജിറ്റൈസേഷന്
ഓരോ കാലത്തിന്റെയും അടയാളപ്പെടുത്തലായ പുസ്തകങ്ങള്‍ നശിച്ചുപോകാതിരിക്കാനാണ് ഡിജിറ്റൈസേഷന് ലൈബ്രറി ആരംഭിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഡിജിറ്റൈസേഷനില്‍ 1818 ല്‍ കല്ലച്ചില്‍ പ്രസിദ്ധീകരിച്ച പുസ്കതകങ്ങള്‍, 1880, 1890, 1900 ഈ കാലഘട്ടങ്ങളിലെ പുസ്തകങ്ങളാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ഇങ്ങനെ ഡിജിറ്റൈസ് ചെയ്ത് www. kottayampublic library.org എന്ന വെബ്സൈറ്റില്‍ 1000ല്‍ അധികം പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.