പത്തനംതിട്ട: കാട്ടുമൃഗശല്യത്തെ തുടര്‍ന്ന് വനത്തോടു ചേര്‍ന്ന കിടപ്പാടം ഉപേക്ഷിച്ച് പുതിയ താമസസ്ഥലങ്ങള്‍ തേടാന്‍ സന്നദ്ധതയുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കുകളായി. സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തോടെ പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചു.
റീ ബില്‍ഡ് കേരളയിലെ പുനരധിവാസ പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ അസ്തമിച്ചുവെന്നാണ് കഴിഞ്ഞദിവസം കോന്നിയിലെത്തിയ മന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കിയത്. പത്തനംതിട്ട ജില്ലയില്‍ കോന്നി, അരുവാപ്പുലം, തണ്ണിത്തോട് പഞ്ചായത്തുകളില്‍ നിന്നാണ് അപേക്ഷകളെത്തിയത്. ഇവരില്‍ ആദ്യഘട്ടത്തില്‍ അപേക്ഷ നല്കിയവരില് ഏറെപ്പേര്‍ക്കും പദ്ധതി അനുവദിച്ചു നല്കി.
വനാതിര്‍ത്തിയില്‍ താമസിക്കുന്നവർ, വന്യജീവികളുടെ ശല്യം കാരണം ദുരിതം അനുഭവിക്കുന്നവര്‍ എന്നിവര്‍ തങ്ങളുടെ പട്ടയഭൂമി വനംവകുപ്പിനു കൈമാറുന്നതാണ് പദ്ധതി. വനംവകുപ്പ് ഏറ്റെടുക്കുന്ന ഭൂമിക്ക് യൂണിറ്റ് ഒന്നിന് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നു.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ ശ്രമിച്ച പദ്ധതിയില്‍ വനമേഖലയിലെ സ്വകാര്യവാസ മേഖലകളില്‍ കഴിയുന്ന കുടുംബങ്ങളുടെ പുനരധിവാസമാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
കൊക്കാത്തോടുകാരുടെ കാത്തിരിപ്പ് നിഷ്ഫലം
കോന്നി വനംഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയോടു ചേര്‍ന്ന കൊക്കാത്തോട്ടില്‍ വന്യമൃഗശല്യം രൂക്ഷമായതിനാല്‍ 306 അപേക്ഷകളാണ് പുനരധിവാസ പാക്കേജില്‍ ലഭിച്ചത്. ഇതില്‍ 24 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് പണം കൈമാറിയിരുന്നു. എഗ്രിമെന്റ് വച്ച 50 കുടുംബങ്ങള്‍ക്ക് പണം ലഭിക്കാനുള്ളപ്പോഴാണ് പദ്ധതി ഉപേക്ഷിക്കുന്ന ഘട്ടത്തിലെത്തിയത്. ജീവിക്കാന്‍ യാതൊരു നിര്വാഹവുമില്ലാത്തതിനാലാണ് സ്ഥലം ഒഴിയാന്‍ സന്നദ്ധരായതെന്ന് കൊക്കാത്തോട് നിവാസികള്‍ പറയുന്നു.
കൊക്കാത്തോട്ടില്‍ ഇന്നുള്ളത് 1948 മുതല്‍ കുടിയേറിയവരാണ്. നാല് തലമുറ വരെ ഈ പ്രദേശത്താണ് കഴിഞ്ഞിരുന്നത്. കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്‍ഗം. റീബില്‍ഡ് കേരള പദ്ധതിയിലൂടെ സഹായം പ്രഖ്യാപിച്ചത് 2019ലാണ്. രണ്ട് ഹെക്ടര്‍വരെ ഭൂമിയുള്ള ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നല്കുന്നതിനു പുറമേ, കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഓരോ അംഗത്തിനും 15 ലക്ഷം രൂപ വേറെയും നല്‍കുമെന്നായിരുന്നു വാഗ്ദാനം..
രണ്ട് ഹെക്ടറിനു മുകളില്‍ ഭൂമിയുണ്ടെങ്കില്‍ അധികമുള്ള ഓരോ ഹെക്ടറും ഓരോ പാര്‍പ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷംവീതം അധികം നല്‍കും. ഭൂമി മാത്രമേയുള്ളൂവെങ്കില്‍ 15 ലക്ഷം മാത്രം നല്‍കും. ഇത്തരത്തില്‍ ഒരു കുടുംബത്തിനു പരമാവധി ലഭിക്കാവുന്ന തുക 45 ലക്ഷം രൂപയാണെന്നും വ്യക്തമാക്കിയിരുന്നു. വന്യജീവികളുടെ ശല്യം കാരണം ജീവനും സ്വത്തിനും ഭീഷണി നേരിട്ട കര്‍ഷകര്‍ പദ്ധതിയില്‍ ആകൃഷ്ടരായി അപേക്ഷ നല്‍കിയത് സ്വാഭാവികം. എന്നാല്‍ അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം വൈകിപ്പിച്ചു. പ്രധാന പ്രശ്നം സാമ്പത്തികം തന്നെയായിരുന്നു.
നിലവില്‍ താമസിച്ചുവരുന്ന ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നതോടെ ആദ്യ ഗഡു അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. റീബില്‍ഡ് കേരള ( പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കിഫ്ബി വഴി ഇതിനാവശ്യമായ തുക ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കൊക്കാത്തോട്ടില്‍ നിന്നുള്ള അപേക്ഷകളില്‍ സ്ഥലം എംഎല്‍എ അനുകൂല നിലപാട് എടുത്തില്ലെന്നും ഇക്കാരണത്താലാണ് അര്‍ഹതയുള്ള സ്ഥലവാസികള്‍ക്കു പോലും ഒഴിഞ്ഞുപോകാന്‍ കഴിയാതെ വന്നതെന്നുമാണ് ആക്ഷേപം.
ബദല്‍ ക്രമീകരണം ആലോചനയില്‍
റീ ബില്‍ഡ് കേരളയിലെ പുനരധിവാസ പദ്ധതി ഇനിയുണ്ടാകില്ലെന്നാണ് കഴിഞ്ഞദിവസം കോന്നിയില്‍ തന്നെ കാണാനെത്തിയ കൊക്കത്തോട് നിവാസികള്‍ അടക്കമുള്ളവരോടു വനംമന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയത്. ബദല്‍ ക്രമീകരണത്തെക്കുറിച്ച് വനംവകുപ്പ് ആലോചിക്കുന്നുണ്ട്. കിഫ്ബി മുഖേനയുള്ള എല്ലാ പദ്ധതികളും യുഡിഎഫ് സര്‍ക്കാര്‍ നിര്ത്തിക്കൊണ്ടുവരികയാണ്. വനാതിര്‍ത്തിയിലുള്ളവര്‍ കുടിയിറങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഇതുമായി ബന്ധപ്പെട്ട് എന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് പഠിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.