മന്ത്രി പി.സി.വിഷ്ണുനാഥ് സന്ദര്‍ശിക്കുന്നു.
റാന്നി: പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്നുകള്‍ തുടങ്ങിയവ ഉറപ്പാക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. റാന്നിയിലെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം താലൂക്ക് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്ത ലഘൂകരണത്തിന് പോലീസ്, അഗ്നിസുരക്ഷാ സേന, എന്‍ഡിആര്‍എഫ് എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചു. എംഎല്‍എമാര്‍ പ്രാദേശികമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ ജില്ല ഭരണകൂടത്തിന് മന്ത്രി നിര്‍ദേശം നല്കി.
റാന്നി മേഖലയില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പഴകുളം മധു എംഎല്‍എ അഭ്യര്‍ഥിച്ചു. നദിയിലെ പുറ്റും ചെളിയും അടിയന്തരമായി നീക്കം ചെയ്യണം. അയിരൂര്‍, ചെറുകോല്‍പ്പുഴ, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും വെള്ളം കയറിയതായി അദ്ദേഹം ചൂണ്ടികാട്ടി.
ആറന്മുളയിലെ മഴക്കെടുതി പ്രദേശങ്ങളും ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ലാ കളക്ടർ എ.നിസാമുദ്ദീന്‍, ജില്ല പോലിസ് മേധാവി ആര്. ആനന്ദ്, എഡിഎം ആര്. രാജലക്ഷ്മി എന്നിവരും സന്നിഹിതരായിരുന്നു.
22 ക്യാന്പുകൾ, 567 പേരെ മാറ്റി പാർപ്പിച്ചു
പത്തനംതിട്ട ജില്ലയില്‍ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 567 പേരാണ് നിലവിലുള്ളത്. കോന്നി താലൂക്ക് ഒന്ന്, തിരുവല്ല രണ്ട്, റാന്നി രണ്ട്, മല്ലപ്പള്ളി 13, കോഴഞ്ചേരി നാല് എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ കണക്ക്. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിൽ രാത്രിയിൽ കൂടുതൽ ക്യാന്പുകൾ തുറക്കാൻ നിർദേശമുണ്ട്.