റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ ഡിസിസി ഓഫീസിൽ.
ആലപ്പുഴ: ജില്ലയിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ട് വിതരണം ഉടന്‍ പൂര്‍ത്തായാകുമെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍. നെല്‍കര്‍ഷകരുടെ സംഭരണത്തിന്റെ 17 കോടി രൂപയുടെ കുടിശികയില്‍ 10 കോടി രൂപ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളതെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് നല്കിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നേരത്തേ നല്‍കിയിരുന്ന നഷ്ടപരിഹാര തുകയില്‍ 25 ശതമാനം വര്‍ധന വരുത്തി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കളക്ടറേറ്റില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ഡിസിസി ഓഫീസും സന്ദര്‍ശിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് മന്ത്രിയെ ഓഫീസിലേയ്ക്ക് സ്വീകരിച്ചു. എ.ഡി. തോമസ് എംഎല്‍എ, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം അഡ്വ. ജോണ്സണ് എബ്രഹാം, കെപിസിസി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ, യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ഡിസിസി ഭാരവാഹികളായ ബാബു ജോര്‍ജ്, അഡ്വ. പി.ജെ. മാത്യു, ജി. സഞ്ജീവ് ഭട്ട്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മോളി ജേക്കബ്, ഡിസിസി ജനറല്‍ സെക്രട്ടറി പ്രഭുകുമാർ, നൂറനാട് ഷാജി, കെ.എ. സാബു, നസീം ചെമ്പകപ്പള്ളി, എ. കബീർ, ബഷീര്‍ കോയപ്പറമ്പന്‍ എന്നിവര്‍ സംസാരിച്ചു.