ചോർന്നൊലിക്കുന്ന സൺഷേഡ് ഷീറ്റുകൾ മാറ്റുന്നു.
തത്തമംഗലം: ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ സൺഷേഡ് ഷീറ്റുകൾ മാറ്റിത്തുടങ്ങി. കഴിഞ്ഞു രണ്ടുവർഷത്തിലധികമായി യാത്രക്കാരുടെ ഇരിപ്പിടഭാഗങ്ങളിൽ ചോർച്ചയാണ്. ഇവിടെയുള്ള മിൽമബൂത്ത് ചോർച്ചകാരണം പ്രവർത്തനം നിർത്തിയിരുന്നു.
തുടർച്ചയായ മഴവെള്ള ചോർച്ചകാരണം ഗ്രൗണ്ടിൽ വഴുവഴുപ്പും പായലും കാരണം കൊതുകുശല്യവും യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. ഇതിനു താത്കാലിക പരിഹാരം എന്ന നിലയ്ക്കാണ് സൺഷേഡ് ഷീറ്റുകൾ മാറ്റുന്നത്. തത്തമംഗലം സ്റ്റാൻഡിൽ മുഴുവൻ ബസുകളും കയറാൻ നടപടിയുണ്ടാവുമെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ നഗരസഭാ ചെയർമാൻ ആർ. ബാബു അറിയിച്ചിരുന്നു.