പറവൂർ ഏഴിക്കരയിൽ ‘റെസിലിയന്റ് ലങ്ക’ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പറവൂർ: വേലിയേറ്റ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ഏഴിക്കര പഞ്ചായത്തിലെ ലങ്ക തുരുത്ത് നിവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകുന്ന ‘റെസിലിയന്റ് ലങ്ക’ പദ്ധതി ഏഴിക്കരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് അധ്യക്ഷയായി. സംസ്ഥാനത്ത് ആദ്യമായാണ് പൈലറ്റ് അടിസ്ഥാനത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സർക്കാർ പൂർണ പിന്തുണ നൽകുമെന്നും വിജയമായാൽ സംസ്ഥാനത്ത് സമാനമായ ദുരിതങ്ങൾ നേരിടുന്ന മറ്റു സ്ഥലങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ വൃശ്ചിക മാസത്തിൽ മാത്രം അനുഭവപ്പെട്ടിരുന്ന വേലിയേറ്റം ഇപ്പോൾ വർഷം മുഴുവൻ അനുഭവപ്പെടുന്നുണ്ട്. ഏഴിക്കരയിൽ 21 കുടുംബങ്ങളിലായി 75 പേർ താമസിക്കുന്ന ചെറിയ തുരുത്താണ് ലങ്ക. വേലിയേറ്റത്തിൽ ഇവിടെ 10 മുതൽ 30 സെൻ്റീമീറ്റർ വരെ വെള്ളം ഉയരും. ഉപ്പുവെള്ളം കയറുന്നതിനാൽ വീടുകൾ പലതും താമസയോഗ്യമല്ലാതാകുന്നു. പദ്ധതിയുടെ ഭാഗമായി ലങ്കയിലെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തും. വേലിയേറ്റം നിയന്ത്രിക്കാൻ സ്ലൂയിസുകൾ സ്ഥാപിക്കും. ബണ്ടുകളും റോഡുകളും ബലപ്പെടുത്തും. തോടുകളും നീർച്ചാലുകളും നവീകരിക്കും.
Tags : 'Resilient Lanka' project Nattuvishesham DistrictNews