ഡിവിഷണൽ അദാലത്ത് ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കോതമംഗലം ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിവിഷണൽ അദാലത്തിൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികളും നടപടികളും വിശദീകരിച്ചതിനൊപ്പം പ്രധാന പരാതികൾക്ക് നൂറുദിവസത്തിനകം പരിഹാരം കാണാനും തീരുമാനമായി.
ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കോതമംഗലം ഫോറസ്റ്റ് ഡിവിഷനിലെ പ്രധാന മനുഷ്യ–വന്യജീവി സംഘർഷങ്ങളുടെ തോത്, മരണനിരക്ക് എന്നിവ യോഗത്തിൽ വിശദമായി വിലയിരുത്തി. മുൻകാലങ്ങളിൽ പ്രധാന വെല്ലുവിളിയായിരുന്ന പാമ്പുകടി മരണങ്ങളിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശങ്ങളിലും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കാണുന്നതിനുള്ള പ്രത്യേക പ്രവർത്തന പദ്ധതികൾ നടപ്പാക്കും.
കോൺഫ്ലിക്ട് ലാൻഡ്സ്കേപ്പായി തിരിച്ചറിഞ്ഞ 12 മേഖലകളിലെ പരാതികൾ നൂറ് ദിവസത്തിനകം തീർപ്പാക്കുന്നതിനും തീരുമാനമായി. അടിയന്തര പ്രാധാന്യമുള്ള പരാതികൾക്ക് മുൻഗണന നൽകി വേഗത്തിൽ പരിഹാരം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വന്യജീവി സാന്നിധ്യം മുൻകൂട്ടി തിരിച്ചറിയാൻ എഐ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്ന സാഹചര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് അതനുസരിച്ചുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. വന്യജീവി ആക്രമണ സാധ്യത കുറയ്ക്കാൻ പുതിയ പ്ലാന്റേഷൻ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനമായി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനായി 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കും.
കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ എം-പാനൽഡ് ഷൂട്ടർമാരെ നിയോഗിക്കുന്ന സംവിധാനവും, ഓരോ പഞ്ചായത്തിലും പ്രാദേശിക റെസ്പോൺസ് ടീമുകൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. അദാലത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.