പ്രതീകാത്മക ചിത്രം
പോത്തൻകോട് : സ്കൂളിൽ വിദ്യാർഥികൾക്കു ഉച്ചഭക്ഷണത്തിനായി സൂക്ഷിച്ച അരിയിൽനിന്നും ചാക്കു കണക്കിനു അരി മറിച്ചു കടത്തിയ സംഭവത്തിൽ അധികൃതർ വ്യാജരേഖ ചമച്ചതായി പൊലിസിന്റെ കണ്ടെത്തൽ.
പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് വ്യക്തമായതോടെ അധികൃതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പോത്തൻകോട് പൊലിസിനു റൂറൽ എസ്പി ഓഫിസിൽനിന്നു നിർദേശം ലഭിച്ചു. 168 വിദ്യാർഥികൾ മാത്രമാണ് ഉച്ചഭക്ഷണ പദ്ധതിയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയത്. എന്നാൽ 583 വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതായി വ്യാജരേഖയുണ്ടാക്കി.
ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തിരിമറി നടന്നത്. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം കൂട്ടി എഴുതി കൂടുതൽ അരി വാങ്ങിച്ചെടുത്തു തട്ടിപ്പുനടത്തിയെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ ഉദ്യോഗസ്ഥരിൽനിന്നും വീണ്ടും മൊഴി എടുത്തശേഷം വ്യാജരേഖ ചമയ്ക്കൽ, വഞ്ചന കുറ്റങ്ങൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്യും. അതേ സമയം സ്കൂളിൽനിന്നും സ്വകാര്യ കാറിൽ അരി കടത്തിയെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായില്ല.