പ്രതീകാത്മക ചിത്രം
ഓടനാവട്ടം : ആശാന്‍പടി - വടക്കടത്തു ക്ഷേത്രം പഞ്ചായത്ത് റോഡിലും തോട്ടുകടവിലുള്ള ഇരുമ്പ് പാലത്തിലും വന്‍ ദുരന്തം പതിയിരിക്കുന്നു. റോഡിലും ഇരുവശങ്ങളിലും ഇടതൂര്‍ന്ന് കാടുമൂടിയ നിലയിലാണ്. തോട്ടിലൂടെ വലിയ അടിയൊഴുക്കുള്ളതിനാല്‍ ഏതുനിമിഷവും വന്‍ അപകടത്തിന് സാധ്യതയേറെയാണ്.
വടക്കടത്തു ക്ഷേത്രത്തിലേക്കെത്താന്‍ കട്ടയില്‍ തോടിനു കുറുകെ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പാലത്തിന് 25 വര്‍ഷത്തോളം പഴക്കമുണ്ട്. രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെയാണ് പ്രദേശത്തെ നഴ്സറി കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും കാല്‍നടയായി പോകുന്നത്. പാലത്തിന്റെ നടവഴിയിലെ പല ഇരുമ്പ് പ്ലേറ്റുകളും കാലപ്പഴക്കത്താല്‍ ദ്രവിച്ചും ഇളകിയുമാണ് കിടക്കുന്നത്. യാത്രക്കാരുമായി ഇവ തോട്ടിലേക്ക് നിലംപതിക്കാനുള്ള സാധ്യത കൂടുതലാണ്.
റോഡിലെ കാടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ തെരുവ് നായ്ക്കളുടെയും പാമ്പുകളുടെയും ശല്യം രൂക്ഷമാണ്.പലപ്പോഴും ഇവയുടെ ആക്രമണങ്ങളില്‍ നിന്ന് നാട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. മഴക്കാലത്ത് തോടുകളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നതും പ്രദേശവാസികളുടെ ഭീതി ഇരട്ടിയാക്കുന്നു.അധികൃതരെ പലതവണ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
റോഡ് ഗതാഗത യോഗ്യമാക്കുക, പാലത്തിലെ ദ്രവിച്ച പ്ലേറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിച്ച് ബലപ്പെടുത്തുക, അപായ സൂചനാ ഫലകം സ്ഥാപിക്കുക എന്നീ ആവശ്യങ്ങളില്‍ വെളിയം പഞ്ചായത്ത് സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മറ്റൊരു പ്രദേശത്ത് ഉപയോഗിച്ചിരുന്ന പഴയ ഇരുമ്പ് പാലമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ചത്.
മഴക്കാലത്ത് വലിയ അടിയൊഴുക്കുള്ള തോടാണിത്. ആശാന് മുക്കില്‍ നിന്നുള്ള റോഡും നശിച്ചുകിടക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ പഞ്ചായത്ത് പ്രതിനിധികളാരും പാലവും റോഡും നന്നാക്കാന്‍ തയാറായിട്ടില്ല.വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് അധികൃതര്‍ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.