കേരളത്തിലെ ആദ്യത്തെ എഐ ചലച്ചിത്രോത്സവമായ ഫ്രെയിം സീറോ കോവളത്ത് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തപ്പോൾ.
കോവളം: നവീകരണത്തിന്റെയും സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങളുടെയും സര്‍ഗാത്മക സംരംഭകത്വത്തിന്റെയും ആഗോള കേന്ദ്രമായി കേരളം മാറണമെന്ന് സാംസ്കാരിക, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ഹഡില്‍ ഗ്ലോബല്‍-2026 ന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച കേരളത്തിലെ ആദ്യത്തെ എഐ ചലച്ചിത്രോത്സവമായ 'ഫ്രെയിം സീറോ' കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിനിമ, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയെ ഒന്നിപ്പിക്കുന്നതില്‍ എഐ കേന്ദ്രീകൃത ചലച്ചിത്രോത്സവത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ എഐയുടെ സഹായത്തോടെയുള്ള ചലച്ചിത്ര നിര്‍മാണത്തിനും പുതിയ ദൃശ്യ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനും കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
പകര്‍പ്പവകാശം, കലാകാരൻമാരുടെ അവകാശങ്ങള്‍, സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.കെഎസ് യുഎം സിഇഒ അനൂപ് അംബിക മന്ത്രിയെ സ്വാഗതം ചെയ്തു. ഫിലിംലാന്സ് ടെക്നോളജീസിനെ പ്രതിനിധീകരിച്ച് കമ്പനി സ്ഥാപകയും സിഇഒയുമായ ദിവ്യ തൈക്കൂട്ടത്തില്‍, ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ഹരി ഗീത സദാശിവന്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബിന്ദ്യ തൈക്കൂട്ടത്തില്‍, ലീഡ് ഡെവലപ്പര്‍ ജഷിന് ജഗദീഷ് എന്നിവര്‍ പങ്കെടുത്തു.
Tags : AI cinima frame #ArtificialIntelligence NattuVishesham DistrictNews