കൗണ്‍സിൽ ഭാരവാഹികൾ ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് നിവേദനം നൽകുന്നു.
എടക്കര: മലയോര പാതയുടെ മൂന്നാം റീച്ചായ കാറ്റാടിക്കടവ് ചാത്തംമുണ്ട റോഡിന്റെ നിർമാണം ആരംഭിക്കാത്തതിൽ എംഎൽഎക്ക് നിവേദനം.
മുണ്ടേരി മേപ്പാടി ഹിൽ ഹൈവേ ആക്ഷൻ കൗണ്‍സിലും ഗുണഭോക്താക്കളും ചേർന്നാണ് പ്രവൃത്തി അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്ക് നിവേദനം നൽകിയത്.
മൂന്നാം റീച്ചിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നാണ് വിവരം. എന്നാൽ ടെൻഡർ കമ്മിറ്റി യോഗത്തിൽ ഈ പദ്ധതി ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കിഫ്ബി അധികൃതർ കഴിഞ്ഞ ദിവസം ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളെ അറിയിച്ചത്.
കിഫ്ബിയുടെ അടുത്ത ടെൻഡർ നടപടികളിൽ പദ്ധതി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
മലയോര പാതയുടെ ഭാഗമെന്ന നിലയിൽ ഇരുപത്തിയഞ്ച് വർഷത്തിലധികമായി പാലുണ്ട ചാത്തംമുണ്ട റോഡിൽ യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല.
റോഡ് തകർന്ന് തരിപ്പണമായതോടെ കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയിലാണ്. ഹിൽ ഹൈവേ ആക്ഷൻ കൗണ്‍സിൽ സെക്രട്ടറി മുഹമ്മദ് റനീസ്, വൈസ് പ്രസിഡന്റ് അരുണ്‍ ജോസ്, ജംഷീദ് കോടാലിപ്പൊയിൽ, ഇസ്മായിൽ ഹാജി, അബൂബക്കർ തച്ചംപറ്റ, പറാട്ടി കുഞ്ഞാൻ എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം നൽകിയത്.
Tags : Nattuvishesham Districtnews Deepikanews Road Construction