പൊലിസ് പിടിച്ചെടുത്ത കാർ.
കൊല്ലം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിനോദയാത്രയ്ക്കു മുന്നോടിയായി കാതടപ്പിക്കുന്ന ശബ്ദഘോഷത്തോടെ ഭീതി പരത്തി റോഡ് ഷോ നടത്തിയ നമ്പർ പ്ലേറ്റ് മറച്ച കാർ ഉൾപ്പടെ മൂന്നു വാഹനങ്ങൾ പുത്തൂർ പൊലിസ് പിടിച്ചെടുത്തു. നമ്പർ മറച്ച കാറിന്റെ ഡ്രൈവർ തട്ടാമല സ്വദേശി അഭിഷേകിനെയും (23) കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പവിത്രേശ്വരം മലനടയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു വിനോദയാത്രയ്ക്കു പോകുന്ന ടൂറിസ്റ്റ് ബസിനു മുന്നിൽ റോഡ് ഷോയ്ക്ക് എത്തിയതായിരുന്നു ആഡംബര കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ.
ഇതിലൊന്നിന്റെ നമ്പർ പ്ലേറ്റാണ് മറച്ചിരുന്നത്. പകരം ദ ബ്ലാക്ക് ലസ്റ്റർ എന്ന ബോർഡാണ് വച്ചിരുന്നത്. കാതടപ്പിക്കുന്ന ശബ്ദഘോഷത്തോടെ ഭീതി പരത്തുന്ന തരത്തിലായിരുന്നു കാറിന്റെ പാച്ചിലെന്നു പൊലിസ് പറഞ്ഞു. സൈലൻസറിൽനിന്നു തീതുപ്പുന്ന തരത്തിലായിരുന്നു ക്രമീകരണം.
പരാതി ഉയർന്നതിനെത്തുടർന്ന് ഉടനടി പൊലിസ് സ്ഥലത്തെത്തി വാഹനങ്ങൾ പിടികൂടുകയായിരുന്നു. എംവിഡി പരിശോധനയ്ക്കു ശേഷം ഇവ കോടതിക്കു കൈമാറി. സിഐ എസ്. സന്തോഷ്, എസ്ഐ വിമൽ രംഗനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
Tags :