കുറ്റിച്ചൽ: നിർമാണം കഴിഞ്ഞിട്ടും ഇതുവരെ പൊതുജനങ്ങൾക്കു തുറന്നു കൊടുക്കാതെ കുറ്റിച്ചലിലെ വഴിയോരവിശ്രമ കേന്ദ്രം.
കേന്ദ്രസർക്കാരിന്റെ നിർമൽ പുരസ്കാം വഴി ലഭിച്ച പണം ഉപയോഗിച്ചാണ് വിശ്രമകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കുറ്റിച്ചൽ ജംഗ്ഷനിൽ ഒരു പൊതു ശൗചാലയം വേണമെന്ന ആവശ്യമുയർന്നപ്പോൾ പഞ്ചായത്തിനു ലഭിച്ച നിർമൽ പുരസ്കാര ഫണ്ട് ഇതിനായി മാറ്റിവയ്ക്കുകയായിരുന്നു.
തുടർന്നു കുറ്റിച്ചൽ ജംഗ്ഷനിൽ ആര്യനാട് റൂട്ടിൽ സ്ഥലം കണ്ടെത്തി. സ്ഥലത്തെ ചൊല്ലിപ്പോലും വിവാദങ്ങൾ ഉയർന്നിരുന്നു. പൊതുശൗചാലമെന്ന രീതിയിൽ 2009-2010 ലാണ് ആദ്യം ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തിയത്. ഇതുപോലെ നിർമാണം പൂർത്തിയാക്കി ഏറെനാൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്കു തുറന്നു നൽകിയിരുന്നില്ല. ഏറെ മുറവിളികൾക്കുശേഷമാണ് പിന്നീട് ഇത് തുറന്നു കൊടുത്തത്. എന്നാൽ പ്രവർത്തിച്ചത് ഏതാനും മാസങ്ങൾ മാത്രം. ആരെങ്കിലും ബഹളമുണ്ടാക്കിയാൽ മൂന്നുനാലു ദിവസം തുറക്കും, പിന്നെയും പൂട്ടുവീഴും. നേരത്തെ മലയോര ഹൈവേയുടെ പണി നടന്നപ്പോൾ ഇതിന്റെ മുൻവശം കുറച്ച് ഇടിച്ച് മാറ്റിയിരുന്നു. ഹൈവേ പണി തീർന്നാൽ ഉടൻ തുറക്കുമെന്നും പഞ്ചായത്ത് പറഞ്ഞിരുന്നു. അതിനിടെ മാസങ്ങൾക്ക് മുമ്പു ലക്ഷങ്ങൾ മുടക്കി വീണ്ടും പുതുക്കി പണിതു പേരു മാറ്റി "വഴിയോര വിശ്രമകേന്ദ്രം ' എന്നാക്കി. എന്നിട്ടും ആവശ്യക്കാർക്ക് ഉപകരിക്കുംവിധം തുറന്നുനൽകാൻ ഇപ്പോഴും പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്. കുറ്റിച്ചലിലെ ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ, വഴിയാത്രക്കാർ, വാഹനയാത്രക്കാർ തുടങ്ങി നിരവധി പേർക്ക് ഉപകാരമാകുന്ന ഇടമാണ് ആർക്കുമില്ലാതെ ഇങ്ങനെ അടഞ്ഞുകിടക്കുന്നത്.