പാലാ: റോട്ടറി ക്ലബ്ബും സിംഗപ്പുര്‍ റാഫില്സിറ്റി റോട്ടറി ക്ലബ്ബും റോട്ടറി ഇന്റര്‍നാഷണലും ചേര്‍ന്ന് 40 ലക്ഷത്തോളം രൂപ മുടക്കി ഓട്ടോമാറ്റിക് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബാഗ് നിര്‍മാണ യൂണിറ്റ് മരിയസദനത്തിനു സംഭാവന നല്‍കും.
ഈ യൂണിറ്റില്‍നിന്ന് ദിവസേന ആയിരക്കണക്കിന് പേപ്പര്‍ പ്രൊഡക്ടുകള്‍ നിര്‍മിക്കാന്‍ സാധിക്കും. അഞ്ഞൂറില്പരം അന്തേവാസികളുള്ള മരിയസദനത്തിന്റെ സ്ഥിരവരുമാനത്തിന് സഹായകമാകുമെന്നതിനാലാണ് പദ്ധതിയുമായി ക്ലബ് മുന്നിട്ടിറങ്ങിയത്. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ റോട്ടറി ക്ലബ് മരിയസദനത്തില്‍ നിര്‍വഹിച്ച പദ്ധതികളുടെ ഫലകം അനാവരണം ചെയ്യും.
നിര്‍മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ 10.30ന് മരിയസദനത്തില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. റ്റീനാ ആന്റണി നിര്‍വഹിക്കും. റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. റ്റീനാ ആന്റണി പദ്ധതി രേഖകള്‍ മരിയസദനം ഡയറക്ടര്‍ സന്തോഷിനു കൈമാറും.
റോട്ടറി മുന്‍ ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, പാലാ നഗരസഭാധ്യക്ഷ ദിയ ബിനു, റോട്ടറി മുന്‍ ഗവര്‍ണര്‍ പി.ജി. മുരളീധരന്, സിംഗപ്പുര്‍ റാഫിൽസിറ്റി റോട്ടറി ക്ലബ് പ്രസിഡന്റ് ഫിലിപ്പ് തോലത്ത്, റോട്ടറി ഡയറക്ടര്‍ അന്‍വര്‍ മുഹമ്മദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജിജി ബൈജു, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ഗ്രാൻഡ് കമ്മിറ്റി ചെയര്മാന് ഡോ. മാത്യു തോമസ്, ടിസന് മാത്യു, പി.വി. ജോര്‍ജ്, സെക്രട്ടറി അമല്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, കമ്മിറ്റി ചെയര്മാന് ഡോ. മാത്യു തോമസ്, ടിസന് മാത്യൂ, പബ്ലിക് ഇമേജ് ചെയര്മാന് സന്തോഷ് മാട്ടേല്‍, നിയുക്ത പ്രസിഡന്റ് ഡോ. ബോബി കോക്കാട്, സെക്രട്ടറി അമല്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News Rotary Club Maria's House