സുകൃതം ഹരിപ്പാട് വനിതാ വിഭാഗത്തിന്റെ സുകൃതം സഖി തയ്യൽ യൂണിറ്റും പരിശീലന കേന്ദ്രവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
ഹരിപ്പാട്: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്ത്രീകൾക്കായി സ്വയംതൊഴിൽ സംരംഭങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലിയേറ്റീവ് കെയർ സന്നദ്ധ സംഘടനയായ സുകൃതം ഹരിപ്പാട് വനിതാ വിഭാഗത്തിന്റെ സുകൃതം സഖി തയ്യൽ യൂണിറ്റും പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഉഷ തയ്യൽ മെഷീൻ കമ്പനി ഡെപ്യൂട്ടി മാനേജർ ദിനേഷിൽനിന്ന് പത്ത് തയ്യൽ മെഷീനുകൾ മന്ത്രി ഏറ്റുവാങ്ങി. സുകൃതം ഹരിപ്പാട് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ അധ്യക്ഷ വൃന്ദ എസ്. കുമാർ, ഉപാധ്യക്ഷൻ അനിൽ മിത്ര, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി സാറാമ്മ, സുകൃതം സെക്രട്ടറി അഡ്വ.എം.ബി. സജി, ട്രഷറർ ശ്രീജകുമാരി, രാജൻ ജോൺ, മഞ്ജു ഷാജി, സൈറ നൈനാൻ, ശ്രുതി, ഷിബു പഞ്ചവടി, വിജയമ്മ പുന്നൂർമഠം, കാട്ടിൽ സത്താർ, വിഷ്ണു ആർ. ഹരിപ്പാട്, കെ.കെ. രാമകൃഷ്ണൻ, നാസറുദ്ദീൻ, ബി. ചന്ദ്രൻ, ഹരീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.