കലയപുരം ആശ്രയ സങ്കേതത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി. അജയപ്രസാദ് എംഎൽഎ നിർവഹിക്കുന്നു.
കൊട്ടാരക്കര: ദുഃഖദുരിതങ്ങൾ ഇരുട്ടിലാക്കിയ സമൂഹത്തിലെ നിരാശ്രയരെയും നിരാലംബരെയും ചേർത്തുനിർത്തുമ്പോഴാണ് ഓരോ ആഘോഷങ്ങളും അർഥപൂർണമാകുന്നതെന്നും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് വേദനയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്നവർക്ക് ആശ്വാസത്തിന്റെ വെളിച്ചമാകാൻ നമുക്ക് കഴിയണമെന്നും സി. അജയപ്രസാദ് എംഎൽഎ.
അതിന് നന്മയുടെയും കരുതലിന്റെയും ദീപങ്ങൾ ആദ്യം കൊളുത്തേണ്ടത് നമ്മുടെ മനസുകളിലാണെന്ന് കലയപുരം ആശ്രയ സങ്കേതത്തിൽ ദീപാവലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ചേർത്തുനിർത്തലിന്റെ മാഹാത്മ്യം അറിയാൻ പുതുതലമുറകൾ ആശ്രയയെപ്പോലുള്ള ജീവകാരുണ്യ പ്രസ്ഥാനങ്ങൾ സന്ദർശിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി ജി. മുരളീധരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. സരസ്വതി, വാർഡ് മെമ്പർമാരായ ഷീബ അജോയ്, സാലമ്മ ടീച്ചർ, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഷാഹുൽ കുന്നിക്കോട്, ബിനു കെ. കോശി, അലക്സ് മാമ്പുഴ, കുളക്കട രാധാകൃഷ്ണൻ , ഷാജി മാംവിള തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കൊല്ലം സ്വരശ്രീ ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി. ആശ്രയ സങ്കേതത്തിലെ കുടുംബാംഗങ്ങൾ ചേർന്ന് ദീപക്കാഴ്ചയും സമൂഹ സദ്യയും ഒരുക്കി.