ഞായറാഴ്ചച്ചന്ത ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല ആശീർവദിക്കുന്നു.
നെടുങ്കണ്ടം: കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് വിഷരഹിത കാർഷിക ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആരംഭിച്ച ഞായറാഴ്ചച്ചന്ത ശ്രദ്ധേയമാകുന്നു. കർഷകരിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ ഞായറാഴ്ചകളിൽ പള്ളിയിൽ വിൽപ്പന നടത്തുന്നതാണ് പദ്ധതിയുടെ രീതി.
കർഷകർ വിവിധ കാർഷിക ഉത്പന്നങ്ങൾ ശനിയാഴ്ച വൈകുന്നേരം പള്ളിയിൽ എത്തിക്കും. ഞായറാഴ്ചച്ചന്തയുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന കമ്മിറ്റി ഉത്പന്നങ്ങൾ സ്വീകരിച്ച് കർഷകർക്ക് ന്യായവില നൽകും. തുടർന്ന് ഞായറാഴ്ചകളിലെ കുർബാനയ്ക്കുശേഷം പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലൂടെ ഉത്പന്നങ്ങൾ വിൽപ്പന നടത്തും.
ഇന്നലെ ആരംഭിച്ച ആദ്യ ചന്തയിൽ കപ്പ, കാച്ചിൽ, ചേമ്പ്, ചേന, വിവിധയിനം പച്ചക്കറികൾ, വാഴക്കുല, കറിവേപ്പില എന്നിവയ്ക്കൊപ്പം വീടുകളിൽ തയാറാക്കിയ അച്ചാറുകളും വിൽപ്പനയ്ക്കെത്തിച്ചു. ഞായറാഴ്ചച്ചന്തയ്ക്കായി പ്രത്യേകം സജ്ജീകരിച്ച കൗണ്ടർ ആർച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല ആശീർവദിച്ചു.
ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആവിഷ്കരിച്ച വിവിധ പദ്ധതികളിലൊന്നാണ് ഞായറാഴ്ചച്ചന്ത. ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനോപകാരപ്രദമായ നിരവധി പരിപാടികളാണ് ഇടവക ആസൂത്രണം ചെയ്തിരിക്കുന്നത്. ഇടവകയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ ഈ സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Tags : Review Preparations Nattuvishesham Districtnews