പഠനോപകരണങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുന്നു.
നിലമ്പൂര്‍: വിരമിച്ച ശേഷവും വിദ്യാഭ്യാസ രംഗത്തോടുള്ള ആത്മബന്ധം കാത്തുസൂക്ഷിച്ച് നിലമ്പൂര്‍ ഉപജില്ലയിലെ റിട്ടയേര്‍ഡ് അധ്യാപകരുടെ സംഘടനയായ ഷെല്‍ട്ടര്‍. നിലമ്പൂര്‍ ബഡ്സ് സ്കൂള്‍ ഫോര്‍ ദി ഹിയറിംഗ് ഇംപയേര്‍ഡിലെ കുട്ടികള്‍ക്കായി പഠന-തെറാപ്പി ഉപകരണങ്ങള്‍ സ്വയം നിര്‍മിച്ച് സമര്‍പ്പിച്ചു. കുട്ടികളുടെ തെറാപ്പി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളാണ് സ്കൂളിലെ സ്പീച്ച് തെറാപ്പി റൂമിലേക്ക് ഷെല്‍ട്ടര്‍ അംഗങ്ങള്‍ തയാറാക്കി നല്‍കിയത്. ഉപകരണങ്ങള്‍ സ്കൂള്‍ പ്രഥമാധ്യാപിക എന്‍.സി. സുഹറാ ബീവിക്ക് കൈമാറി.
എല്‍പി വിഭാഗത്തിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും രസകരവുമാക്കുന്നതിനായി അബാക്കസ്, പസിലുകള്‍, സ്ഥാനവില ഉപകരണങ്ങള്‍, അക്ഷര ചക്രം തുടങ്ങിയ പഠനസാമഗ്രികളും ഷെല്‍ട്ടര്‍ അംഗങ്ങള്‍ സ്വയം നിര്‍മിച്ചു നല്കി. എല്‍പി വിഭാഗം എസ്ആര്‍ജി കണ്‍വീനര്‍ നജ്മ, സ്പീച്ച് തെറാപ്പിസ്റ്റ് പി. റോഫിന ബബിന്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കനുസരിച്ച് അനുരൂപീകരിച്ച ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ഷെല്‍ട്ടര്‍ അംഗങ്ങളായ സി.ടി. സുധ, പി.എസ്. രഘുറാം, നീലകണ്ഠന്, സി.ടി. ഗീത തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.