കൃഷിഭവൻ മുഖേന നടത്തിയ പൂകൃഷി വിളവെടുപ്പിനു തയാറായപ്പോൾ.
തിരുവല്ല: ഓണവിപണിയെ ലക്ഷ്യമിട്ട് കുറ്റൂർ പഞ്ചായത്തിലെ തരിശുനിലങ്ങളിൽ കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ആരംഭിച്ചു.
ഓറഞ്ചും മഞ്ഞയും നിറങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പാടങ്ങൾ നാടിന് വേറിട്ട കാഴ്ചയാണ് സമ്മാനിക്കുന്നത്. കുറ്റൂർ കൃഷിഭവന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങലിൽ പുഷ്പകൃഷി നടത്തിയത്. 3, 7, 10 വാർഡുകളിലെ തരിശു കിടന്നിരുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയത്. സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിലെ ഫാമിൽ നിന്നു വാങ്ങിയ ആഫ്രിക്കൻ മാരിഗോൾഡ് ഇനത്തിൽപെട്ട തൈകളാണ് ഉപയോഗിച്ചത്. മേയ് അവസാനത്തോടെ കൃഷിഭവൻ മുഖേന സബ്സിഡി നിരക്കിൽ കർഷകർക്ക് തൈകൾ വിതരണം ചെയ്തു.
കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ പരിചരണവും വളപ്രയോഗവും സംബന്ധിച്ച നിർദേശങ്ങൾ കൃഷിഭവൻ ഉദ്യോഗസ്ഥർ കർഷകർക്ക് നൽകി. ആത്മ പദ്ധതിയുടെ ഭാഗമായി കാർഷിക ഉപകരണങ്ങളും വളവും ലഭ്യമാക്കിയതോടെ കൃഷി കൂടുതൽ സുഗമമായി.
പുഷ്പകൃഷിയുടെ വിളവെടുപ്പ് ഏഴാം വാർഡിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡിൽ കല്ലൻപറമ്പിൽ ബിനുകുമാറും ഏഴാം വാർഡിൽ ഒരുമ കൃഷിക്കൂട്ടവും പത്താം വാർഡിൽ വഞ്ചിക്കാപ്പുഴയിൽ വി.ആർ. സന്തോഷും പുഷ്പകൃഷിയിൽ പങ്കാളികളായി.
തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനൊപ്പം കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഇതര സംസ്ഥാനങ്ങളിൽ പൂക്കളുടെ വിളവെടുപ്പിലുണ്ടായ ഇടിച്ചിൽ മൂലം ഇത്തവണ പൂക്കൾക്ക് ക്ഷാമം നേരിടുന്നതു കൊണ്ട് നാടൻ പൂക്കളുടെ വില ഉയർന്നിരിക്കുകയാണ്. നാട്ടിൽ വിളയിച്ച പൂക്കൾ ഇത്തവണ ഓണവിപണിയിലെത്തുന്നതിന്റെ ആവേശത്തിലാണ് കൂറ്റൂർ പ്രദേശവാസികൾ.