ഓഫീസ് ഉദ്ഘാടനം ചീഫ് വിപ്പ് അപു ജോണ്‍ നിര്‍വഹിക്കുന്നു.
തൊടുപുഴ: ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്.
സര്‍ക്കാര്‍ എന്നും സാധാരണക്കാര്‍ക്കൊപ്പമാണെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ വ്യാപാരി ക്ലബ്38ന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മങ്ങാട്ടുകവലയിലെ എം.പീസ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് രാജു തരണിയില്‍ അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ട അല്‍ അസ്ഹര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം. മിജാസ്, വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ ആര്. രമേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വ്യാപാര മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ ഓണം, ക്രിസ്മസ് തുടങ്ങിയ ഫെസ്റ്റിവല്‍ സീസണുകളിലെ മേളകള്‍ അവസാനിപ്പിക്കുക, അശാസ്ത്രീയ വഴിയോരക്കച്ചവടം തടയുക, കാര്‍ഷിക മേഖലയ്ക്ക് സമാനമായി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യാപാരികളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം ക്ലബ് ഭാരവാഹികള്‍ ചീഫ് വിപ്പിന് കൈമാറി.
നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ മുഖ്യപ്രഭാഷണവും വൈസ് ചെയര്മാന് കെ. ദീപക് ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി തൊടുപുഴ സ്റ്റേഷനിലെ പിആര്‍ഒ വി.എ. ബിജു ലഹരിവിരുദ്ധ സന്ദേശം നല്കി. ജനറല്‍ സെക്രട്ടറി സി. കെ. നവാസ്, ടി. എന്‍. പ്രസന്ന കുമാര്‍, കെ.പി. ശിവദാസ്, അനീഷ് ജി. ഹബ്ബ്, ലിജോണ്‍സ് ഹിന്ദുസ്ഥാന്‍, നെവിന്, റഹീം, നാസര്‍ സൈര എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിനു ശേഷം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേള ചടങ്ങിന് മാറ്റുകൂട്ടി.
Tags : Nattuvishesham Districtnews Solutions