പ്രതീകാത്മക ചിത്രം
കോഴിക്കോട്: വ്യാജമദ്യ നിര്മാണവും കടത്തും വിതരണവും തടയുന്നതിനായുള്ള ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ. ഷറീനയുടെ അധ്യക്ഷതയില് കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്നു. ഈ വര്ഷം ജനുവരിയില് ചേര്ന്ന ജനകീയ സമിതി യോഗത്തില് ഉയര്ന്ന പരാതികളിലെ തുടര്നടപടികള് ചര്ച്ച ചെയ്തു.
ജില്ലയില് 2026 ഫെബ്രുവരി മുതല് എക്സൈസ് വകുപ്പ് 4,765 റെയ്ഡുകളും 159 കമ്പൈന്ഡ് റെയ്ഡുകളും നടത്തിയതില് 945 അബ്കാരി കേസുകളും 404 എന്ഡിപിഎസ് കേസുകളും 1,482 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി 1,015 പ്രതികളെ അറസ്റ്റ് ചെയ്തതായും യോഗത്തില് അറിയിച്ചു.
ഇക്കാലയളവില് 478.5 ലിറ്റര് ചാരായവും 2,891 ലിറ്ററിലധികം വിദേശമദ്യവും 24,208 ലിറ്റര് വാഷും 121 ഗ്രാമിലധികം മെത്താഫിറ്റാമിനും ഹെറോയിന് ഉള്പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി 81 വാഹനങ്ങളും 4.09 ലക്ഷത്തിലധികം രൂപ തൊണ്ടിമുതലായും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാജമദ്യ നിര്മാണം തടയാന് പഞ്ചായത്ത്തല ജാഗ്രതാ സമിതിയും പൊതുജന പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗത്തില് ആവശ്യമുയര്ന്നു. പഞ്ചായത്തുതലത്തില് പരാതിപ്പെട്ടികള് സ്ഥാപിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി രൂപീകരിക്കണമെന്നും വിവിധ മദ്യവിരുദ്ധ സമിതി പ്രതിനിധികള് ആവശ്യപ്പെട്ടു.