ശ്രീശങ്കർ
പാലക്കാട്: ഗ്ലാസ്ഗോ കോമണ്‍വെൽത്ത് ഗെയിംസിൽ പുരുഷ ലോംഗ്ജംപിൽ തുടർച്ചയായ രണ്ടാം തവണയും വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറിന്റെ നേട്ടത്തിൽ ആഹ്ലാദത്തിമർപ്പിലായി നാടും നാട്ടുകാരും.
പാലക്കാട് കണ്ണാടിയിലെ നാട്ടുകാർ ഇന്നലെ പുലർച്ചെ വരെ നീണ്ട മത്സരം ഉറക്കമിളച്ച് കാണുകയായിരുന്നു. ശ്രീശങ്കറിന്റെ മാതാവ് കെ.എസ്. ബിജിമോൾ സഹോദരി ശ്രീപാർവതിയോടൊപ്പം തിരുവനന്തപുരത്തായിരുന്നു.
ആദ്യഘട്ടത്തിൽ സ്വർണമെഡൽ പ്രതീക്ഷ ഉയർന്നതോടെ ആവേശത്തിലായ നാട്ടുകാർ ആർപ്പുവിളികളോടെ ആഘോഷം തുടങ്ങി. എന്നാൽ നാലാം റൗണ്ടിൽ ജമൈക്കയുടെ താരം ഒന്നാംസ്ഥാനത്തേക്ക് വന്നതോടെ അല്പം നിരാശയിലായെങ്കിലും ശ്രീശങ്കർ നേടിയ വെള്ളിക്ക് സ്വർണത്തിളക്കം തന്നെയെന്നു നാട്ടുകാർ പറഞ്ഞു.
27കാരനായ ശ്രീശങ്കർ 8.09 മീറ്റർ ചാടിയാണ് വെള്ളിമെഡൽ നേടിയത്. തുടർച്ചയായി രണ്ടാം തവണ കോമണ്‍വെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയത് വലിയ നേട്ടമാണെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി. കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്.
പരിക്കിനുശേഷം ഇത്ര ശക്തമായി തിരിച്ചെത്തി വീണ്ടും മെഡൽ നേടിയത് തന്നെ വലിയ നേട്ടമാണ്. മത്സരം നേരിൽ കാണാൻ പിതാവും പരിശീലകനുമായ എസ്. മുരളി ഗ്ലാസ്ഗോവിലുണ്ടായിരുന്നു. മുൻ ട്രിപ്പിൾ ജംപ് താരവും സൗത്ത് ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ അദ്ദേഹം തുടക്കംമുതൽ ശ്രീശങ്കറിന്റെ പരിശീലകനാണ്.
ഗ്ലാസ്ഗോയിൽനിന്ന് മുരളി നാട്ടുകാരെ ഫോണിൽ വീഡിയോ കോളിലൂടെ വിളിച്ച് സന്തോഷം പങ്കുവച്ചു. 1992ലെ ഏഷ്യൻ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിമെഡൽ നേടിയ താരമാണ് മാതാവ് ബിജിമോൾ. കായികപാരന്പര്യമുള്ള കുടുംബത്തിന്റെ മറ്റൊരു അഭിമാനനേട്ടമായാണ് ശ്രീശങ്കറിന്റെ വിജയത്തെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്.