സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽ മത്സരം നടക്കുന്ന തൃശൂർ അക്വാട്ടിക് കോംപ്ലക്സിലുണ്ടായ അപകടത്തിൽ പ്രതിഷേധിച്ച് അക്വാട്ടിക് കോംപ്ലക്സ് ഉപരോധിച്ച എസ്എഫ്ഐ പ്രവർത
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കായികമന്ത്രി ഒ.ജെ. ജനീഷിന്റെ തന്നെ ജില്ലയിൽ നടത്തിയ നീന്തൽ മത്സരങ്ങളിൽ അടിമുടി പിഴവ്. മത്സരവേദിയിൽ ശുചിമുറിയടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയില്ലെന്നു രക്ഷിതാക്കൾ ആരോപിച്ചു.
നൂറുകണക്കിനു കുട്ടികൾക്കായി മുന്നോ നാലോ ശുചിമുറികൾ മാത്രമാണ് ഉണ്ടായിരുന്നത്. ടീം മാനേജർമാരെ രണ്ടു ദിവസമായി ബന്ധപ്പെട്ടിട്ടും പ്രതികരിച്ചിട്ടില്ല. ക്ലാസ് മുറികളിലാണു താമസം ഒരുക്കിയത്. ഇവിടെയും ആവശ്യത്തിന് സൗകര്യമുണ്ടായിരുന്നില്ല. വൈകീട്ട് ആറിനുശേഷമായിരുന്നു പ്രവേശനം. രാവിലെ ക്ലാസിനുമുന്പ് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. ബാഗുകളും മറ്റു സാമഗ്രികളും സൂക്ഷിക്കാൻ സൗകര്യമുണ്ടായില്ല. പണം കൊടുത്തു മുറിയെടുത്താണു താമസിച്ചത്.
മുൻവർഷങ്ങളിൽ ഭക്ഷണവും താമസവും ഒരുക്കിയിരുന്നെങ്കിൽ ഇക്കുറി 150 രൂപവീതം നൽകുകയാണു ചെയ്തത്. വിവിധ ജില്ലകളിൽനിന്ന് എത്തിയവർക്കു ഭക്ഷണത്തിനുപോലും തുക അപര്യാപ്തമാണെന്നും സംഘാടകരെപ്പോലും കണ്ടില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.
മത്സരം മാറ്റിവച്ചതിനാൽ വീണ്ടും വരേണ്ടിവരുന്നതു സാന്പത്തികനഷ്ടമുണ്ടാക്കുമെന്നും പകുതിയിലേറെ കുട്ടികൾ മടങ്ങിപ്പോയെന്നും പ്രതിഷേധം അറിയിച്ചപ്പോൾ തങ്ങളെ അക്വാട്ടിക് കോംപ്ലക്സ് പരിസരത്തുനിന്നു പുറത്താക്കാനാണു അധികൃതർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ പറഞ്ഞു.
അതിനിടെ പരാതി ഉന്നയിച്ചപ്പോൾ കൈയും കാലും തല്ലിയൊടിക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്ന് മത്സരാർഥിയുടെ സഹോദരൻ വിഘ്നേഷ് ഗിരീഷ് പറയുന്നു. വിവേകോദയം സ്കൂളിൽനിന്ന് ഉടൻ ഒഴിയണമെന്നായിരുന്നു ഭീഷണി. ചെറിയ കുട്ടികളാണ് ഒപ്പമെന്നുപറഞ്ഞിട്ടും വഴങ്ങിയില്ലെന്നും പിന്നീട് സ്വന്തം നിലയ്ക്കു താമസസൗകര്യം കണ്ടെത്തുകയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
അപകടമുണ്ടായ അന്നും തലേന്നും മത്സരവേദിക്കടുത്തു പായ വിരിച്ചുകിടക്കേണ്ടിവന്നു. ആവശ്യത്തിനു കുടിവെള്ളം പോലുമുണ്ടായിരുന്നില്ല. ജില്ലാ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നു പറഞ്ഞെങ്കിലും അദ്ദേഹം ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും വിഘ്നേഷ് പറയുന്നു.
Tags : NattuVishesham.DistricteNews