പത്തനംതിട്ട: അന്പത്തെട്ടാമത് സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ എട്ടുവരെ ആറന്മുള - മാലക്കര ആൽത്തറ ജംഗ്ഷനു സമീപമുള്ള പത്തനംതിട്ട റൈഫിൾ ക്ലബിൽ നടക്കുമെന്ന് റൈഫിൾ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പന്ത്രണ്ട് വയസു മുതലുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇന്നു രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ.കെ.എസ്. ജഗൻമോഹൻ പതാക ഉയർത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ.വി.സി. ജയിംസ് മത്സരങ്ങൾക്ക് ആരംഭം കുറിക്കും.
നാളെ വൈകുന്നേരം നാലിന് അബിൻ വർക്കി എംഎൽഎ ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കളക്ടർ എ. നിസാമുദീൻ അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് മുഖ്യ പ്രഭാഷണം നടത്തും.
ആദ്യഘട്ട മത്സര വിജയികൾക്ക് സംസ്ഥാന റൈഫിൾ അസോസിയേഷൻ പ്രസിഡന്റും പോലീസ് ഹെഡ് ക്വോർട്ടേഴ്സ് ഐജിയുമായ ഹർഷിത അട്ടല്ലൂരി സമ്മാനദാനം നിർവഹിക്കും. ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എംപി, സംസ്ഥാന പോലീസ് മേധാവി റവഡ ആസാദ് ചന്ദ്രശേഖർ, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ പങ്കെടുക്കും.
ജനറൽ കൺവീനർ ഡോ. കെ. എസ്. ജഗൻ മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. വി. സി. ജയിംസ്, റോയി മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.