പല്ലാവൂർ ഗവ. എൽപി സ്കൂളിൽ തുടങ്ങിയ പഠനോത്സവത്തിൽനിന്ന്.
നെന്മാറ: പഠനമുറിയിൽ കുട്ടികൾ നേടിയ പഠനനേട്ടങ്ങൾ പൊതുസമൂഹവുമായി പങ്കുവയ്ക്കാനും രക്ഷിതാക്കളും വിദ്യാലയവും തമ്മിലുള്ള സാമൂഹ്യബന്ധം ഊട്ടിയുറപ്പിക്കാനുമായി പല്ലാവൂർ ഗവ. എൽപി സ്കൂൾ കഴിഞ്ഞ 20 വർഷമായി നടത്തിവരുന്ന സോഷ്യൽ ഓഡിറ്റിന് കൂടല്ലൂരിൽ തുടക്കംകുറിച്ചു.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ കഥാവായന, കോറിയോഗ്രാഫി, സ്കിറ്റ്, കുട്ടിപ്പാട്ടുകൾ, നൃത്താവിഷ്കാരം, നാടകങ്ങൾ, കഥാകവിത, ചോദിക്കാം പറയാം തുടങ്ങി ഒട്ടേറെ അവതരണങ്ങൾ നടത്തി. പഠനോത്സവങ്ങളുടെ ഉദ്ഘാടനം ദേശീയ- സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും സ്കൂൾ വികസനസമിതി ചെയർമാനുമായ എ. ഹാറൂൺ നിർവഹിച്ചു. എസ്എംസി ചെയർപേഴ്സൺ ആർ. ദിവ്യ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.ഇ. ഷൈമ, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.എസ്. ലക്ഷ്മണൻ , കെ. മോഹനൻ, ടി.വി. പ്രമീള, എം. ടിന്റു, രതിക എന്നിവർ പ്രസംഗിച്ചു.