പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ മുക്കുഴി ഭാഗത്ത് തമ്പടിച്ച കാട്ടാനക്കൂട്ടത്തെ തിരികെ കാട്ടിലേക്ക് കയറ്റി വിടാനായി തെരച്ചിൽ നടത്താനെത്തിയ ആർആർടി സംഘം
പയ്യാവൂർ: ചന്ദനക്കാംപാറ മേഖലയിലെ കൃഷിയിടങ്ങളിൽ ഏതാനും ദിവസങ്ങളായി നാശം വിതച്ചുകൊണ്ടിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തുരത്താൻ സ്ഥലത്തെത്തിയ പ്രത്യേക ദൗത്യസംഘം വനാതിർത്തികളിൽ തെരച്ചിൽ നടത്തി.
ഇന്നലെ രാവിലെ മുതൽ ഡ്രോണിന്റെ സഹായത്തോടെ ആരംഭിച്ച തെരച്ചിലിൽ ഉച്ചകഴിഞ്ഞ് രണ്ടോടെ ശശിപ്പാറക്ക് മുകൾ ഭാഗത്തായി ആനകളെ കണ്ടെത്തി. ചെറിയ കുട്ടിയാനയുള്ളതിനാൽ ഇന്നു വനത്തിലേക്കു കയറ്റിവിടാൻ കഴിയാത്ത സാഹചര്യത്തിൽ നാളെരാവിലെ രണ്ടു സംഘമായി തിരിഞ്ഞ് ആനകളെ വനത്തിലേക്കു കയറ്റിവിടാനാണ് തീരുമാനിച്ചത്.
ആനകൾ വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങാതെ ഇന്നുരാത്രി പട്രോളിംഗ് ശക്തമാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. തെരച്ചിലിന് ഗ്രേഡ് ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എൻ. രമേശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എൻ.സി. വിജീഷ്, പി.വി. സജിത്ത്, പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോമോൻ ചീരമറ്റം എന്നിവർ നേതൃത്വം നൽകി.
Tags : wild elephants Nattuvishesham DistrictNews