പ്രതീകാത്മക ചിത്രം
തൃശൂർ: വടക്കുന്നാഥ ക്ഷേത്രമൈതാനം സംരക്ഷിക്കാനും ഹൈക്കോടതി വിധി കർശനമായി നടപ്പാക്കാനും ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിനു ഭീമഹർജി നൽകാനൊരുങ്ങി ഭക്തർ. ഹൈക്കോടതി ജൂലൈ 15നു പുറപ്പെടുവിച്ച നിർണായക ഉത്തരവ് തേക്കിൻകാട് മൈതാനത്ത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാണു ഭക്തരുടെ ആവശ്യം. രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ സംഘടനകൾക്ക് പരിപാടികൾക്കായി ക്ഷേത്രഭൂമി അനുവദിക്കരുതെന്നും ക്ഷേത്രമൈതാനത്തിന്റെ പവിത്രതയും തനിമയും പൂർണമായി സംരക്ഷിക്കണമെന്നും ഭീമഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ക്ഷേത്രദർശനത്തിനായി എത്തുന്ന ദശലക്ഷക്കണക്കിനു തീർഥാടകർക്കും ഭക്തർക്കും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താനും കോടതി ഉത്തരവ് ഒട്ടും വൈകാതെ പ്രാബല്യത്തിൽ വരുത്താനും അധികൃതർ തയാറാകണമെന്നാണ് ആവശ്യം. മൊബൈൽ നന്പറുകൾ അടക്കം ശേഖരിച്ച് ഭക്തജനങ്ങൾ ഒപ്പിടുന്ന ഭീമഹർജി ഉടൻ കൈമാറുമെന്ന് ഭക്തജന കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.
പൊതു ഇടമായി നിലനിർത്തണം: എൽഡിഎഫ്
തൃശൂർ: തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾക്കു വിലക്കേർപ്പെടുത്തിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി. സ്വാതന്ത്ര്യസമര, നവോഥാന, തൊഴിലാളിവർഗ മുന്നേറ്റങ്ങളാൽ ചരിത്രംസൃഷ്ടിച്ച മൈതാനിയാണിത്. സ്വാതന്ത്ര്യസമരകാലത്ത് തേക്കിൻകാട്ടിലെ മണികണ്ഠനാൽതറയിൽ മഹാത്മാഗാന്ധി പ്രഭാഷണത്തിനെത്തിയിരുന്നു.
1925ലും 1927ലും 1934ലും മഹാത്മാഗാന്ധിയും 1928ലും 51ലും 54ലും ജവഹർലാൽ നെഹ്റുവും ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറിമാരായിരുന്ന ഇഎംഎസ്, ഹർകിഷൻസിംഗ് സുർജിത്, പ്രധാനമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, ചന്ദ്രശേഖർ, രാജീവ് ഗാന്ധി, സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണൻ തുടങ്ങി ഒട്ടേറെ നേതാക്കൾ ഇവിടെ പ്രസംഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രണ്ടുതവണ ഇവിടെ പ്രസംഗിച്ചു. രാഷ്ട്രീയ പാർട്ടികളാണ് ഈ യോഗങ്ങൾ സംഘടിപ്പിച്ചത്.
മതേതര ഇടമായാണ് തേക്കിൻകാട് നിലകൊണ്ടിട്ടുള്ളതെന്നും അതു തുടരണമെന്നും ആവശ്യപ്പെട്ടു.