ഒറ്റപ്പാലം: ഒറ്റപ്പാലം- ചെർപ്പുളശേരി റോഡിൽ നരകയാതന തുടരുന്നു. യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ആക്സിൽ ഒടിഞ്ഞു. ചെർപ്പുളശേരി- ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന കോഹിനൂർ ബസിന്റെ മെയിൻ ആക്സിലാണ് വരോട് സെന്ററിൽ ഓടിക്കൊണ്ടിരിക്കേ പൊട്ടിയത്. രണ്ട് യാത്രക്കാർക്കു പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ അപകടം ഒഴിവായത്. വാരിക്കുഴികൾക്ക് സമാനമായ വലിയ ഗർത്തങ്ങളാണ് ഒറ്റപ്പാലം മുതൽ ചെർപ്പുളശേരി വരെ റോഡിലുള്ളത്.