സര്ക്കാര് ഹോമിയോ ആശുപത്രി കഴുകി വൃത്തിയാക്കുന്നു.
മൂവാറ്റുപുഴ : നഗരസഭയുടെ കരുതല് പദ്ധതിയുടെ ഭാഗമായി വെള്ളം കയറിയ വീടുകളും സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന മുറയ്ക്ക് ശുചീകരിച്ച് നല്കുന്ന പ്രവര്ത്തനങ്ങള് തുടരുന്നു. വെള്ളം കയറിയ സര്ക്കാര് ഹോമിയോ ആശുപത്രിയുടെ ഒന്നാം നില ഇന്നലെ നഗരസഭയുടെ നേതൃത്വത്തില് ശുചീകരിച്ചു. നഗരസഭ രൂപീകരിച്ച വിദ്യാര്ഥി ശുചീകരണ സ്ക്വാഡിന്റെ ഭാഗമായി നിര്മല കോളജ് എന്എസ്എസ് വിദ്യാര്ഥികളാണ് നഗരസഭാംഗങ്ങളുടെയും ചെയര്പേഴ്സണ് ജോയ്സ് മേരി ആന്റണിയുടെയും നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനങ്ങള് നടത്തിയത്.
ചെറുപാമ്പുകള് ഉള്പ്പെടെ വെള്ളമൊഴിഞ്ഞ കെട്ടിടത്തില് ഉണ്ടായിരുന്നു. പലയിടങ്ങളിലും ചെളികള് അടിഞ്ഞുകൂടിയ നിലയിലായിരുന്നു. ഇവയെല്ലാംതന്നെ ശുചീകരിച്ചു. ഒട്ടുമിക്ക വീടുകളും വീട്ടുകാര് തന്നെ ശുചീകരിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെയുണ്ടായത്. എന്നാല് പൂര്ണമായും ക്യാമ്പില് നിന്നും ആളുകള് വീടുകളിലേയ്ക്കെത്തിയിട്ടില്ല. ഇടയ്ക്കിടെ പെയ്യുന്ന മഴമൂലം വെള്ളം കയറുമോ എന്ന ആശങ്ക ആളുകളില് ഉള്ളതിനാലാണ് വീടുകളിലേക്ക് വരുവാന് മടിയ്ക്കുന്നത്.
കാര്യമായ മഴ പെയ്യാത്തതിനാല് ഇന്നലെ മൂവാറ്റുപുഴയാറില് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇന്നും മഴ പെയ്യാതിരുന്നാല് മുഴുവന് പേരും ക്യാമ്പുകളില് നിന്നും വീടുകളിലേയ്ക്ക് മടങ്ങിയേക്കും. വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളില് പകര്ച്ചവ്യാധി ഭീഷണി നിലനില്ക്കുന്നുണ്ടെന്നും ആളുകള് ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.