വടക്കൻ മനോജിന്റെ വാഴ കാട്ടാന നശിപ്പിച്ച നിലയിൽ.
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരി മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കയറി വ്യാപക നാശം വിതച്ചു.
കഴിഞ്ഞദിവസം രാത്രി വടക്കൻ മനോജ്, അനീഷ് വെട്ടുക്കാട്ടിൽ എന്നിവരുടെ കൃഷിയിടത്തിലാണു കാട്ടാനകൾ ആക്രമണം നടത്തിയത്. തെങ്ങ്, വാഴ, കവുങ്ങ്, കരിമ്പ് എന്നിവ ഉൾപ്പെടെയുള്ള കൃഷികളാണു പൂർണമായും നശിച്ചത്.
മനോജിന്റെ കൃഷിയിടത്തിലെ കൃഷികൾ നശിപ്പിച്ചശേഷം സമീപത്തെ ജിജോ ജോയിയുടെ കൃഷിയിടത്തിലേക്കും കയറാൻ കാട്ടാനക്കൂട്ടം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. കൃഷിയിടം ചുറ്റി സ്ഥാപിച്ചിരുന്ന സോളാർ തൂക്കുവേലിയിൽ തട്ടി ഷോക്കേറ്റതോടെ കാട്ടാനകൾ പിൻവാങ്ങുകയായിരുന്നു. എന്നാൽ, പ്രദേശത്തെ മണ്ണുകളെല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.
കർണാടക വനമേഖലയിൽ നിന്നെത്തുന്ന കാട്ടാനകൾ തേജസ്വിനിപ്പുഴ കടന്നാണ് പ്രദേശത്തെ കൃഷിയിടങ്ങളിൽ എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയും ഈ കൃഷിയിടത്തിൽ തന്നെ ആനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
രാജഗിരി നഗർ പ്രദേശത്ത് ഭീതി വിതച്ചിരുന്ന കാട്ടാനകൾ ആളുകൾ താമസം മാറ്റിയതോടെ ഇപ്പോൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് കടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
Tags : The forest nattuvisheaham local news