പള്ളാത്തുരുത്തി ദേവസ്വംകരി പാടശേഖരത്തിലെ വിളവെത്താറായ നെൽചെടികൾ വീണുകിടക്കുന്നു.
ചമ്പക്കുളം: കുട്ടനാടൻ നെൽകർഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തുലാമഴയിൽ വീണടിയുന്നു. കുട്ടനാട് താലൂക്കിലെ കൈനകരി, നെടുമുടി, ചമ്പക്കുളം തുടങ്ങിയ വില്ലേജുകളിലും അമ്പലപ്പുഴ താലൂക്കിലെ പഴവീട്, പറവൂർ, പുന്നപ്ര, അമ്പലപ്പുഴ വില്ലേജുകളിലെ പാടശേഖരങ്ങളിലും വെള്ളപ്പൊക്കത്തെ അതിജീവിച്ച് നെൽകൃഷി നടത്തിയിരുന്നു. മികച്ച വിളവ് പ്രതീക്ഷിച്ച കർഷകർക്ക് തുലാമഴ വലിയ തിരിച്ചടിയാണ് നല്കിയിരിക്കുന്നത്.
കൊയ്ത്ത് നടത്താൻ പത്ത് മുതൽ പതിനഞ്ച് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ എത്തിയ ശക്തമായ തുലാമഴയിൽ നെൽചെടികൾ നിലംപറ്റെ വീണതാണ് കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. നെൽചെടികൾ വീണു കഴിഞ്ഞാൽ രണ്ട് മൂന്ന് ദിവസംകൊണ്ട് കിളിർക്കും. കൂടാതെ നിലത്തിലെ വെള്ളം വറ്റുകയും ഇല്ല. നിലത്തിലെ വെള്ളം വറ്റാത്തത് വീണ നെൽചെടികൾ കൂടുതൽ കിളിർക്കാനും കാരണമാകും. ഇത് വിളവിന്റെ പകുതിയിലധികം നഷ്ടപ്പെടുത്തും.
ഏക്കറിന് 30,000-40,000 വരെ ചെലവുവന്ന കർഷകരാണ് മഴയിൽ കണ്ണീരിലായിരിക്കുന്നത്. വീണ നെൽച്ചെടികളിൽനിന്നും നെല്ല് കൊയ്തെടുക്കാൻ കൂടുതൽ സമയം എടുക്കും എന്നതിനാൽ കർഷകർക്ക് കൊയ്ത്ത് ചെലവ് ഇരട്ടിയിലധികമായി വർധിക്കും.
പലപ്പോഴും വീഴുന്നതും കിളിർക്കുന്നതുമായ നെല്ല് കൊയ്തെടുത്താലും നെല്ലിന്റെ ഈർപ്പം കൂടുതലും ഗുണമേന്മ കുറവുമായിരിക്കും. ഇത് വലിയ തോതിൽ കിഴിവ് ഈടാക്കാൻ മില്ലുകാർ മറയാക്കുന്ന സംഭവങ്ങൾ മുൻ വർഷങ്ങളിലുണ്ടായിട്ടുണ്ട് എന്നാണ് കർഷകർ പറയുന്നത്.
എങ്ങനെ നോക്കിയാലും കർഷകർക്ക് ദുരിതവുമായി പെയ്തിറങ്ങുകയാണ് തുലാമഴ. പ്രകൃതിക്ഷോഭം മൂലവും മഴമൂലവും നഷ്ടപ്പെടുന്ന വിളവിനും അമിത കൊയ്ത്ത് ചെലവിനും മുന്നിൽ പകച്ചുനില്ക്കുന്ന കുട്ടനാടൻ കർഷകർക്ക് സർക്കാർ ധനസഹായം അനുവദിച്ചെങ്കിൽ മാത്രമേ കൃഷിയിൽ തുടരാൻ സാധിക്കു.
പാടശേഖരങ്ങളുടെ പൊതുവിലെ നഷ്ടം കണക്കാക്കുന്നരീതിക്ക് പകരം വിളവെടുപ്പ് സമയത്ത് ഉണ്ടാകുന്ന നഷ്ടം ഓരോ കർഷകന്റെയും പ്രത്യേകം പ്രത്യേകം കണക്കാക്കി നഷ്ടപരിഹാരം നല്കുന്നതിനുള്ള നടപടി കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം. കൂടുതൽ നഷ്ടം ഉണ്ടായവർക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്കുന്നതിനുള്ള അടിയന്തര നടപടി ഉണ്ടാവണം.
Tags :