പുറക്കാട് സ്മൃതി വനം.
അമ്പലപ്പുഴ: നാടും നഗരവും പാമ്പ് ഭീഷണിയിൽ കഴിയുമ്പോൾ സർക്കാർ ഭൂമി വിഷപ്പാമ്പുകളുടെ താവളമായി മാറി. ജില്ലയിൽ എയിംസ് വരുമെന്ന പ്രതീക്ഷ ഉണ്ടായതോടെ ഇതിനായി കണ്ടെത്തിയ ഒരു പ്രദേശം കൂടിയായിരുന്നു ഇത്.
പുറക്കാട് സ്മൃതിവന പദ്ധതി പ്രദേശമാണ് വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമായി മാറുന്നത്. ഇതോടെ സമീപത്തെ റോഡിലൂടെ പോകാൻ പോലും കഴിയാതെ ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വനം വെച്ചു പിടിപ്പിക്കാനായാണ് 1991 ൽ അന്നത്തെ കെ. കരുണാകരൻ സർക്കാർ നൂറുമേനി നെല്ല് വിളഞ്ഞിരുന്ന 650 ഏക്കർ മണക്കൽ പാടശേഖരം ഏറ്റെടുത്തത്. എന്നാൽ, നടപ്പാക്കാനുദ്ദേശിച്ച പദ്ധതി മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പായില്ല. പിന്നീട് വി.എസ് സർക്കാർ ഐടി പാർക്കിനായി ഇവിടെ 100 ഏക്കർ ഭൂമി മണ്ണിട്ടുയർത്തിയിരുന്നു.
എന്നാൽ, ഇതിന് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാൽ ഈ പദ്ധതിയും കടലാസിലൊതുങ്ങി. പിന്നീട് മാറി മാറി വന്ന സർക്കാരുകൾ എക്കോ ടൂറിസം ഉൾപ്പെടെ പല പല പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നടപ്പായില്ല.
മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് മീൻ വളർത്തൽ, ഇൻഫോ പാർക്ക്, കാർഷിക ഗവേഷണ കേന്ദ്രം എന്നിങ്ങനെയുള്ള പല പദ്ധതികളും പ്രഖ്യാപിച്ചു.
രണ്ടാം പിണറായി സർക്കാർ 2024 ഒക്ടോബർ 21ന് ഇവിടെ കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ നഴ്സറിയുടെ ഉദ്ഘാടനം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് കുറേ കെട്ടിടങ്ങൾ ഇവിടെ നിർമിച്ചത് എല്ലാം കാഴ്ചവസ്തുവായി നിൽക്കുകയാണ്.
മാറി മാറി വരുന്ന സർക്കാരുകൾക്ക് പല പല പദ്ധതികൾ പ്രഖ്യാപിക്കാനുള്ള ഒന്നായി സ്മൃതിവന പദ്ധതി പ്രദേശം മാറുമ്പോൾ പ്രദേശവാസികൾ വിഷപ്പാമ്പുകളുടെ ഭീതിയിലാണ് കഴിയുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കിടെ ആറു പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞദിവസവും ഒരാൾക്ക് പാമ്പുകടിയേറ്റിരുന്നു. അണലി, മൂർഖൻ, മലമ്പാമ്പ് തുടങ്ങി എല്ലാത്തരം വിഷപ്പാമ്പുകളും ഇതിനുള്ളിലുണ്ട്. ചില സമയങ്ങളിൽ ഇവ റോഡിലേക്ക് ഇഴഞ്ഞു വരാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പകൽസമയം പോലും ജീവൻ പണയം വച്ചാണ് നാട്ടുകാർ ഇതിലേ സഞ്ചരിക്കുന്നത്. എന്നാൽ, സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാതെ വന്നതോടെ പ്രദേശം വീണ്ടും വിഷപ്പാമ്പുകളുടെ താവളമായി മാറി. ഇതിനുള്ളിൽ അനേകം കുടുംബങ്ങളും കഴിയുന്നുണ്ട്. കൃഷി നിലച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. മഴക്കാലമായാൽ ഇവിടം പ്രളയതുല്യമാണ്. സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ വിഷപ്പാമ്പുകളുടെ ഭീതിയിൽനിന്ന് ഒഴിവായി ജീവിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
Tags : AIIMS nattuvishesham local news