പ്രതീകാത്മക ചിത്രം
കരുവന്നൂര്‍: ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട നഗരസഭ കണ്ടെത്തിയ ഭൂമിയില്‍ വെള്ളം കയറിയതോടെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരം ഭാഗത്ത് ഷെല്‍റ്റര്‍ നിര്‍മാണത്തിനായി കണ്ടെത്തിയ സ്ഥലത്ത് തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് വെള്ളം കയറിയ സാഹചര്യത്തിലാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.
തണ്ണീര്‍ത്തടവും ജനവാസ മേഖലയുമായ ഇവിടെ ഡോഗ് ഷെല്‍റ്റര്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ധര്‍ണ നടത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ ഒന്നാം വാര്‍ഡായ മൂര്‍ക്കനാട് വള്ളിക്കാഞ്ഞിരം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ 40 സെന്റ് ഭൂമിയാണ് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിനായി നഗരസഭ ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം മുതല്‍തന്നെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
ജനവാസ മേഖലയിലെ തണ്ണീര്‍ത്തടത്തില്‍ ഷെല്‍റ്റര്‍ നിര്‍മിക്കുന്നത് പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വെള്ളക്കെട്ടിനും കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. പദ്ധതിയെ ആദ്യം അനുകൂലിച്ചിരുന്ന എല്‍ഡിഎഫും പിന്നീട് തണ്ണീര്‍ത്തടമായ പ്രദേശത്ത് ഷെല്‍റ്റര്‍ നിര്‍മിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായ മഴയില്‍ നിര്‍ദിഷ്ട ഭൂമിയില്‍ വെള്ളം കയറിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ പദ്ധതിക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചത്.
ധര്‍ണയില്‍ വള്ളിക്കാഞ്ഞിരം കൂട്ടായ്മ കണ്‍വീനര്‍ സ്മിത സിന്റോ, ജനകീയസമിതി കൂട്ടായ്മ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഗോപാലകൃഷ്ണന് തച്ചിലത്ത്, അഗിത, പി.ജി. മോഹന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.