കൊരട്ടി: വായനാദിനത്തിൽ കേരളം പുസ്തകങ്ങളുടെയും ഗ്രന്ഥശാലകളുടെയും മഹത്വം ഓർമിക്കുമ്പോൾ, കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്രോഗാശുപത്രി വളപ്പിലെ 75 വർഷം പഴക്കമുള്ള ഒരു വായനശാലയുടെ ദയനീയാവസ്ഥ ശ്രദ്ധേയമാകുകയാണ്. ഒരുകാലത്ത് നൂറുകണക്കിന് രോഗികളുടെ സാംസ്കാരിക ഉന്നമനത്തിനും മാനസികോല്ലാസത്തിനും ആശ്രയകേന്ദ്രമായിരുന്ന ഇൻമേറ്റ്സ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഇന്ന് ആർക്കും വേണ്ടാത്ത അവസ്ഥയിൽ കാടുകയറി നശിച്ചുകിടക്കുകയാണ്.
1951ൽ സ്ഥാപിതമായ ലൈബ്രറിയും വായനാമുറിയും അന്നത്തെ സാഹചര്യത്തിൽ ഏറെ പുരോഗമനപരമായ ഒരു സംരംഭമായിരുന്നു. 1950കളിൽ ആശുപത്രിയിൽ താമസിച്ചിരുന്ന 350ലധികം രോഗികളുടെ വായനാശീലവും സാംസ്കാരികജീവിതവും പരിപോഷിപ്പിക്കുന്നതിൽ ഈ സ്ഥാപനം വലിയ പങ്കുവഹിച്ചു. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തി ആരംഭിച്ച ലൈബ്രറി, പിന്നീട് വിജ്ഞാനത്തിന്റെ സമ്പന്നമായ ഒരു കേന്ദ്രമായി വളർന്നു.
ഗ്രന്ഥശാല സംഘം, പേഷ്യൻസ് സൊസൈറ്റി, കൊരട്ടി പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുസ്തകങ്ങളും അലമാരകളും വാങ്ങുന്നതിനായി സാമ്പത്തികസഹായം നൽകിയിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന വി.ആർ. കൃഷ്ണയ്യരുടെ ശുപാർശ പരിഗണിച്ച് ആലുവ ലയൺസ് ക്ലബ് റേഡിയോ സംഭാവന നൽകിയതും ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. 1976ഓടെ ലൈബ്രറിയിൽ 4,833 പുസ്തകങ്ങളുടെ ശേഖരമുണ്ടായിരുന്നു. 10 ദിനപത്രങ്ങളും 30 വാരികകളും 33 മാസികകളും സ്ഥിരമായി ലഭിച്ചിരുന്നു.
എന്നാൽ കാലംമാറിയപ്പോൾ ഒരുകാലത്ത് സജീവമായിരുന്ന ഈ വിജ്ഞാനകേന്ദ്രം അധികൃതരുടെ അവഗണനയിൽപെട്ട് പതിയെ വിസ്മൃതിയിലായി. ചോർന്നൊലിക്കുന്ന കെട്ടിടവും കാടുകയറിയ പരിസരവും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ മുറികളും മാത്രമാണ് ഇന്ന് ആ മഹത്തായ പാരമ്പര്യത്തിന്റെ അവശേഷിപ്പകൾ. വായനശാലയുടെ ഓർമകൾപേറുന്ന ചില ചുവരുകളും അവശിഷ്ടങ്ങളും മാത്രം പഴയ പ്രതാപത്തിന്റെ സാക്ഷ്യമായി അവിടെ അവശേഷിക്കുന്നു.
വായനാദിനത്തിൽ പുതിയ ലൈബ്രറികളും ഡിജിറ്റൽ വായനാസംവിധാനങ്ങളും ചർച്ച ചെയ്യപ്പെടുമ്പോൾ, ഒരുകാലത്ത് മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്ന ഈ ചരിത്രസ്മാരകത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും മറക്കരുത്.
Tags : energy Nattuvishesham District News